
പൂനൈ : ടൂറിസ്റ്റ് വിസയിലെത്തി മതം പ്രചരിപ്പിച്ചതിന് മൂന്ന് അമേരിക്കൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ പൂനെ സിറ്റി പൊലീസിന്റെ നോട്ടീസ്. 2026 മേയ് പത്താം തീയതിക്ക് മുൻപായി രാജ്യം വിട്ടുപോകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 53, 65, 66 വയസ്സ് പ്രായമുള്ള മൂന്ന് യുഎസ് പൗരന്മാരാണ് ഏപ്രിൽ 19 നും 21 നും ഇടയിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയത്. യാത്രയ്ക്കിടയിൽ വിവിധ ഭാഷകളിലുള്ള മതപ്രചാരണ ലഘുലേഖകൾ ഇവരുടെ പക്കൽ കണ്ടെത്തിയിരുന്നു. ഏപ്രിൽ 26 മുതൽ ഇവർ പിംപ്രി-ചിഞ്ച്‌വാഡിലെ ഒരു ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു.
ഏപ്രിൽ 27 ന് രാവിലെ പൂനെയിലെ ശുക്രവാർ പേത്തിൽ വെച്ച് ഇവർ ഒരു സ്വകാര്യ ക്യാബ് ഡ്രൈവർക്ക് ബൈബിളിനെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചുമുള്ള ലഘുലേഖകൾ നൽകി. ക്രിസ്തുമതമാണ് മറ്റ് മതങ്ങളേക്കാൾ മികച്ചതെന്ന് ഡ്രൈവറെ പറഞ്ഞ് വിശ്വസിപ്പിക്കാനും ഇവർ ശ്രമിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് ക്യാബ് ഡ്രൈവർ പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് പാസ്‌പോർട്ടും വിസയും ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു. പൂനെ പോലീസിലെ ഫോറിനേഴ്സ് രജിസ്‌ട്രേഷന്‍ ഓഫീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ മൂവരും ടൂറിസ്റ്റ് വിസയുടെ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. തുടർന്ന് ഇവരെ പൂനെ സിറ്റി പൊലീസിന്റെ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിലേക്ക് കൊണ്ടുപോയി. ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തുന്നത് നിയമലംഘനമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണ് ഇവർക്ക് രാജ്യം വിടാനുള്ള നോട്ടീസ് നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam