കൊവിഡ് 19ന് ആല്‍ക്കഹോള്‍ മരുന്നെന്ന് പ്രചാരണം; ഇറാനില്‍ വ്യാജമദ്യം കഴിച്ച് 300 പേര്‍ മരിച്ചു

By Web TeamFirst Published Mar 27, 2020, 5:50 PM IST
Highlights

ഇസ്ലാമിക രാജ്യമായ ഇറാനില്‍ ആല്‍ക്കഹോള്‍ നിരോധിത വസ്തുവാണ്. ചിലര്‍ വ്യാജ മദ്യം നിര്‍മിച്ചും ചിലര്‍ വ്യാവസായികാവശ്യത്തിനുള്ള ആല്‍ക്കഹോളുമാണ് കുടിക്കാന്‍ ഉപയോഗിച്ചത്.
 

ടെഹ്‌റാന്‍: കൊവിഡ് 19 മരണങ്ങള്‍ തുടരുന്നതിനിടെ വ്യാവസായികമായി ഉപയോഗിക്കുന്ന ആല്‍ക്കോളായ മെഥനോള്‍ കുടിച്ച് ഇറാനില്‍ ഇതുവരെ 300 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് 19 ഭേദമാകാനും ബാധിക്കാതിരിക്കാനും ആല്‍ക്കഹോള്‍ കുടിച്ചാല്‍ മതിയെന്ന പ്രചാരണത്തെ തുടര്‍ന്നാണ് നിരവധി പേര്‍ മെഥനോള്‍ കുടിച്ചത്. മതാപിതാക്കള്‍ മെഥനോള്‍ നല്‍കിയതിനെ തുടര്‍ന്ന് ചെറിയ കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വ്യാജമദ്യം കഴിച്ച് ഏകദേശം 1000ത്തിന് മുകളില്‍ ആളുകള്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഇസ്ലാമിക രാജ്യമായ ഇറാനില്‍ ആല്‍ക്കഹോള്‍ നിരോധിത വസ്തുവാണ്. ചിലര്‍ വ്യാജ മദ്യം നിര്‍മിച്ചും ചിലര്‍ വ്യാവസായികാവശ്യത്തിനുള്ള ആല്‍ക്കഹോളുമാണ് കുടിക്കാന്‍ ഉപയോഗിച്ചത്. സംഭവം ഗുരുതരമാണെന്നും നടപടികള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. കൊറോണവൈറസിന് മദ്യം ഫലപ്രദമാണെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നിരവധി പേര്‍ വ്യാജമദ്യം ഉപയോഗിച്ചത്.

ലോകത്ത് എല്ലാ രാഷ്ട്രങ്ങളും കൊവിഡിനെതിരെയാണ് ഇപ്പോള്‍ പോരാടുന്നതെങ്കില്‍ ഞങ്ങള്‍ക്ക് കൊവിഡിനും വ്യാജമദ്യത്തിനും എതിരെ പോരാടേണ്ട അവസ്ഥയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. ഹൊസെയ്ന്‍ ഹസൈനാന്‍ വാര്‍ത്താ ഏജന്‍സിയായ എപിയോട് പറഞ്ഞു. പലരും പ്രാരംഘ ലക്ഷണങ്ങള്‍ കാണുമ്പോള്‍ ആശുപത്രിയില്‍ പോകുന്നില്ലെന്നും രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് ചികിത്സക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ രാജ്യമായ ഇറാനില്‍ ഇതുവരെ 32,332 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 2926 പേര്‍ മരിക്കുകയും ചെയ്തു. 
 

click me!