
മെൽബണ്‍: ഏകദേശം 300 യാത്രക്കാരുമായി പറന്നുയരാൻ തുടങ്ങുന്നതിനിടെ വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്ങൾ പൊട്ടിത്തെറിച്ചു. ഓസ്ട്രേലിയയിലെ മെൽബണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രി മെൽബൺ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്‍റെ ഇ വൈ 461 വിമാനം ടേക്ക് ഓഫ് ചെയ്‌ത നിമിഷങ്ങളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
അഗ്നിശമന വാഹനങ്ങളാൽ ചുറ്റപ്പെട്ട ടാർമാക്കിൽ വിമാനം നിൽക്കുന്നതായി ദൃശ്യങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്നു. ടേക്ക് ഓഫിനിടെ വിമാനം അടിയന്തരമായി നിര്‍ത്തുകയായിരുന്നുവെന്ന് ഒരു യാത്രക്കാരൻ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 289 യാത്രക്കാർ പുറത്തിറങ്ങുകയും ടെര്‍മിനലിലേക്ക് മടങ്ങുകയും ചെയ്തു.
ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്ങൾ പൊട്ടിത്തെറിച്ചതായുള്ള വിമാനത്തില്‍ നിന്നുള്ള വിവരം ലഭിച്ചതോടെ ഏവിയേഷൻ റെസ്‌ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് സർവീസ് ഉടൻ ഇടപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. എന്നാല്‍, വിമാനത്തിന്‍റെ ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ, അത് റൺവേയിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല. നിലവിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇത് മെൽബണ്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് ഇത്തിഹാദ് എയര്‍ലൈൻസ് അറിയിച്ചു. അതിഥികളുടെയും ജോലിക്കാരുടെയും സുരക്ഷയും സൗകര്യവും ഏറ്റവും ഉയർന്ന മുൻഗണനയാണ്. റണ്‍വേ എത്രയും പെട്ടെന്ന് പ്രവര്‍ത്തന സജ്ജമാക്കുമെന്നും എയര്‍ലൈൻസ് വക്താവ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam