
ബെയ്‌റൂട്ട്: ലെബനനിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രേങ്ങൾ തകർത്ത് ഇസ്രയേലിന്‍റെ ബോംബാക്രമണം. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകളിലും ആയുധപ്പുരകളിലും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ഹിസ്ബുല്ലയുടെ നേതൃനിരയിലെ ഉന്നതർ അടക്കം 31 പേർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ. ആയിരക്കണക്കിനാളുകൾ ആക്രമണം ഭയന്ന് പലായനം ചെയ്യുകയാണെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രായേൽ നടത്തിയ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും തെക്കൻ ലെബനനിലും നടത്തിയ ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമീനിയെ കൊലപ്പെടുത്തിയതിനോടുള്ള പ്രതികരണമായി, ഹിസ്ബുള്ള ഇസ്രയേലിനുനേർക്ക് റോക്കറ്റുകൾ തൊടുത്തിരുന്നു. വടക്കൻ ഇസ്രയേലിലെ സൈനികതാവളമായ ഹൈഫയ്ക്കു നേർക്കായിരുന്നു റോക്കറ്റ്-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. ഇതിന് പിന്നാലെയാണ് ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്ത് ഉൾപ്പെടെയുള്ളിടങ്ങളിൽ ഇസ്രയേൽ തിരിച്ചടിച്ചത്. ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ഇറാന്‍–ഇസ്രയേല്‍ ആക്രമണം രൂക്ഷമാവുകയാണ്. ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തി. പശ്ചിമേഷ്യയില്‍ നിന്ന് ഒഴിയാന്‍ പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നുവെന്നും 50 ഡ്രോണുകള്‍ വീഴ്ത്തിയെന്നും യുഎഇ അറിയിച്ചു. അബുദബിയില്‍ പുലര്‍ച്ചെ ശക്തമായ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam