
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കൂടയുമായി കബറിടംവരെ അകമ്പടി നൽകിയവരിൽ നിയ എന്ന മലയാളി പെൺകുട്ടിയും. 4 രാജ്യങ്ങളിൽനിന്ന് ഓരോ കുട്ടികളാണ് പൂക്കൂടയുമായി പാപ്പയെ അനുഗമിച്ചത്. അതിൽ ഒരാളായിരുന്നു തൃശൂർ സ്വദേശിയായ നാലാം ക്ലാസുകാരി നിയ.
നിതാന്തനിദ്രയിലായ മാര്‍പാപ്പയുടെ ഓരം ചേര്‍ന്ന് നിന്നപ്പോൾ നിയ എന്ന പത്തുവയസുകാരിയെ തേടിയെത്തിയത് അപൂർവ നിയോഗം കൂടിയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ അപൂർവ നിയോഗം നിയയെ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കി. സിറോ മലബാർ സഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകക്കാരിയാണ് നിയ. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവ്വക്കാടിന്‍റെ നിര്‍ദേശപ്രകാരം ബസിലിക്ക വികാരി ഫാദര്‍ ബാബു പാണാട്ടുപറമ്പിലാണ് നിയയോട് പൂക്കുടയുമായി നടക്കാന്‍ പറഞ്ഞത്. അങ്ങനെ മറ്റ് മൂന്നു കുട്ടികള്‍ക്കൊപ്പം നിയയും ചരിത്ര നിയോഗത്തില്‍ പങ്കാളിയായി.
തൃശൂർ പറപ്പൂക്കര ഇടവകയിലെ മുളങ്ങ് കരിപ്പേരി വീട്ടിൽ ഫ്രെനിഷ് ഫ്രാൻസിസിന്‍റേയും കാഞ്ചന്‍റേയും മകളായ നിയ ഇറ്റാലിയൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ജീവിതത്തിലെ വലിയ ഭാഗ്യം എന്നാണ് നിയയുടെ നിയോഗത്തെ കുടുംബം കാണുന്നത്.
പോപ്പിന്റെ വിയോഗത്തിന് പിന്നാലെ ഈ ചിത്രത്തിന്‍റെ കാഴ്ചക്കാര്‍ 283% വര്‍ദ്ധിച്ചു; കാരണം ഇതാണ് !
അതേസമയം ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് പിന്നാലെ 2024 ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ കോൺക്ലേവ് കാണുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഈ ചിത്രം കാണാന്‍ കാണികളുടെ വന്‍ ഒഴുക്കാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലുമിനേറ്റിൽ നിന്നുള്ള കണക്ക് പ്രകാരം പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള രഹസ്യ പ്രക്രിയ ചുറ്റിപ്പറ്റി കഥ പറയുന്ന സിനിമ കാണുന്നവരുടെ എണ്ണത്തിൽ 283% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എഡ്വേർഡ് ബെർഗർ സംവിധാനം ചെയ്ത് റാൽഫ് ഫിയന്നസ്, സ്റ്റാൻലി ടുച്ചി, ഇസബെല്ല റോസെല്ലിനി എന്നിവർ അഭിനയിച്ച കോൺക്ലേവ് അന്താരാഷ്ട്ര തലത്തില്‍ വിവിധ ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസ നേടിയിരുന്നു. മികച്ച ചിത്രം, മികച്ച നടൻ, മറ്റ് നിരവധി പ്രധാന വിഭാഗങ്ങൾക്കുള്ള അക്കാദമി അവാര്‍ഡ് നോമിനേഷനുകൾ ഈ ചിത്രം നേടിയിരുന്നു. ഫ്രാന്‍സിസ് പോപ്പിന്റെ യഥാർത്ഥ ജീവിതത്തിലെ വിയോഗം സിനിമയുടെ വിഷയത്തിൽ പൊതുജനത്തിന് വലിയ താല്‍പ്പര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലും ഇന്ത്യയിലെ വിവിധ പിവിഒഡി പ്ലാറ്റ്‌ഫോമുകളിലും ചിത്രം നിലവിൽ ലഭ്യമാണ്. കത്തോലിക്കാ സഭയ്ക്കുള്ളിൽ ഉടൻ സംഭവിക്കാൻ കോണ്‍ക്ലേവിന്‍റെ വിശദാംശങ്ങളും മറ്റുമാണ് ചിത്രത്തിലേക്ക് വീണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam