
ബീജിങ്: ഒരു അഭിഭാഷകൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തൽ നടത്തി. ശ്മശാനങ്ങളിൽ നിന്നും മെഡിക്കൽ ലബോറട്ടറികളിൽ നിന്നുമായി 4,000ലധികം മൃതദേഹങ്ങൾ മോഷ്ടിക്കപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ചൈനീസ് കമ്പനിക്കെതിരെയാണ് പരാതി. ബോൺ ഗ്രാഫ്റ്റിന് (ദന്തചികിത്സയ്ക്ക് ഉൾപ്പെടെ) അസ്ഥികളെടുക്കാനാണ് മൃതദേഹങ്ങൾ മോഷ്ടിച്ചതെന്നാണ് ആരോപണം.
ബീജിങ് ബ്രേവ് ലോയേഴ്‌സ് പ്രസിഡന്‍റ് യി ഷെങ്‌ഹുവയാണ് വെളിപ്പെടുത്തൽ നടത്തിയത്. ചൈനയുടെ വടക്കൻ പ്രവിശ്യയായ ഷാങ്‌സിയിലെ തയ്‌യുവാനിലെ പൊലീസ് ആരോപണം സംബന്ധിച്ച അന്വേഷണം തുടങ്ങിയെന്നും അഭിഭാഷകൻ വിശദീകരിച്ചു. സാധാരണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന അസ്ഥികളാണ് ബോണ്‍ ഗ്രാഫ്റ്റിനായി ഉപയോഗിക്കുന്നത്. എന്നാലിവിടെ മൃതദേഹങ്ങൾ മോഷ്ടിച്ച് അതിൽ നിന്നും അസ്ഥികളെടുക്കുകയാണ് ചെയ്തത്. മൃതദേഹങ്ങൾ മോഷ്ടിച്ചു വിൽക്കുന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായി സൌത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കേസ് സങ്കീർണ്ണമായതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞെന്നും സൌത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സിചുവാൻ, ഗുവാങ്‌സി, ഷാൻഡോംഗ് പ്രവിശ്യകളിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൃതദേഹങ്ങൾ വാങ്ങി ചൈനീസ് കമ്പനി അസ്ഥികളുടെ വിൽപ്പന നടത്തുന്നുവെന്നാണ് അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 380 മില്യൺ യുവാൻ (ഏകദേശം 445 കോടി രൂപ)) ആണെന്നും അഭിഭാഷകൻ പറഞ്ഞു. 18 ടൺ അസ്ഥികളും 34,000 ലധികം ഉത്പന്നങ്ങളും പിടിച്ചെടുത്തു. ശ്മശാനങ്ങളിൽ നിന്നും മറ്റും 4,000-ലധികം മൃതദേഹങ്ങൾ മോഷ്ടിച്ചതായി കമ്പനിയുടെ ജനറൽ മാനേജർ കുറ്റസമ്മതം നടത്തിയെന്നും അഭിഭാഷകന്‍റെ വെളിപ്പെടുത്തലിലുണ്ട്.
ബോണ്‍ ഗ്രാഫ്റ്റ് വേണ്ടി വരുന്നത് അസ്ഥികളുടെ ബലക്ഷയമോ തകരാറോ കാരണമാണ്. ദന്തചികിത്സയിൽ ഉള്‍പ്പെടെ ഉപയോഗിക്കുന്നു. സാധാരണയായി ഇടുപ്പ് മാറ്റിവെയ്ക്കൽ പോലുള്ള ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന രോഗികളുടെ സമ്മതത്തോടെയാണ് ഇത്തരം ചികിത്സകൾക്ക് അസ്ഥികൾ എടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam