
ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു. പറന്നുയരുന്നതിനിടെ ജനവാസമേഖലയിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. തലസ്ഥാനമായ ഖാർത്തൂമിന് വടക്ക് കിഴക്കുള്ള ഓംദുർമാനിലെ സൈനിക താവളത്തിനടുത്താണ് അപകടം സംഭവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സൈനികകേന്ദ്രമാണിത്. സാങ്കേതിക തകരാണ് അപകട കാരണമെന്ന് സൈനികരെ ഉദ്ദരിച്ച് വാർത്ത എജൻസി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ പത്ത് പേർക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ ദില്ലിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അമേരിക്കയിൽ നിന്ന് എഫ് 35 വിമാനം വാങ്ങുന്നതിൽ ധാരണയായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതാണ്. ഈകാര്യത്തിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ചർച്ച നടന്നു എന്നത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ എഫ് 35 വാങ്ങാനായുള്ള ഔദ്യോഗിക നടപടികളൊന്നും തുടങ്ങിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ സന്ദർശന വേളക്കിടെ എഫ് - 35 വിമാനങ്ങൾ ഇന്ത്യക്ക് നൽകാൻ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുദ്ധ വിമാനങ്ങളുടെ അഞ്ചാം തലമുറയിൽ പെട്ട വിമാനമാണ് എഫ് - 35.
വിശദ വിവരങ്ങൾ
മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഫെബ്രുവരി 14 നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എഫ് 35 വിമാനം ഇന്ത്യക്ക് കൈമാറാൻ തയ്യാരാണെന്ന് പ്രഖ്യാപിച്ചത്. ലോക് ഹീൽഡ് മാർട്ടിൻ എഫ് 35 ലൈറ്റനിങ് ലോകത്തിലെ എണ്ണംപറഞ്ഞ ഫൈറ്റർ ജെറ്റുകളിലൊന്നാണ്. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57 നോട് കിടപിടിച്ചു നിൽക്കുന്ന അമേരിക്കൻ കരുത്താണ് ഈ യുദ്ധ വിമാനം. വിമാനത്തിന്റെ പേരിന് ഒപ്പമുള്ള ലോക് ഹീൽഡ് മാർട്ടിനാണ് വിമാനം വികസിപ്പിച്ചെടുത്തത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സോണിക് വിമാനമാണിത്. മറ്റുള്ള വിമാനങ്ങളേക്കാൾ പോരാട്ട ശേഷിയും രഹസ്യ സ്വഭാവവുമുള്ള വിമാനമാണ് എഫ് 35. മണിക്കൂറിൽ 1200 മൈൽ വേഗതയിൽ വരെ പറക്കാനാകും. വിമാനത്തിന് ചുറ്റും 6 ഇൻഫ്രാറെഡ് ക്യാമറകളുണ്ട്. 6000 മുതൽ 8100 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കാൻ എഫ് 35 ന് സാധിക്കും. ഇത്രയും സൗകര്യങ്ങളുള്ള ആധുനിക വിമാനം ഇന്ത്യക്ക് നൽകുമെന്ന് ട്രംപ് പറഞ്ഞത് വെറുതെയല്ല. ഓരോ വർഷവും പ്രതിരോധ രംഗത്ത് ഇന്ത്യ മുടക്കുന്ന പണം കൂടി കൂടി വരികയാണ്. അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളിൽ എഫ് 35 വിമാനം വാങ്ങാൻ ശേഷിയുള്ള പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് എഫ് 35 ഇന്ത്യക്ക് കൈമാറാമെന്ന് ട്രംപ് പ്രഖ്യാപിച്ചതും. 80 മുതൽ 110 ദശലക്ഷം ഡോളർ വരെയാണ് ഒരു എഫ് 35 വിമാനത്തിന് നൽകേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം. എഫ് 35 ന് എ, ബി, സി എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളാണ് ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam