
മെൽബൺ: പബ്ബിലേക്ക് കാർ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരെല്ലാം രണ്ട് ഇന്ത്യൻ വംശജരായ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന് ന്യൂസ്.കോം.എയു റിപ്പോർട്ട് ചെയ്തു. വിക്ടോറിയയിലെ ഡെയ്‌ൽസ്‌ഫോർഡിൽ ഞായറാഴ്ചയാണ് സംഭവം.
വെള്ള ബിഎംഡബ്ല്യു എസ്‌യുവി നടപ്പാതയിലേക്ക് കയറി റോയൽ ഡെയ്‌ൽസ്‌ഫോർഡ് ഹോട്ടലിന്റെ മുൻവശത്തെ പുൽത്തകിടിയിൽ നിന്ന ആളുകളെ ഇടിച്ച് തെറിപ്പിച്ചതായി പൊലീസ് പറഞ്ഞു. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി വിക്ടോറിയൻ ചീഫ് പൊലീസ് കമ്മീഷണർ ഷെയ്ൻ പാറ്റൺ പറഞ്ഞു. വിവേക് ഭാട്ടിയ (38), മകൻ വിഹാൻ (11), പ്രതിഭ ശർമ (44), മകൾ അൻവി (ഒമ്പത്), പങ്കാളി ജതിൻ ചുഗ് (30) എന്നിവരാണ് മരിച്ചത്. അൻവിയെ മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചു.
വിവേക് ഭാട്ടിയയുടെ 36 കാരിയായ ഭാര്യ രുചിയേയും ആറ് വയസ്സുള്ള മകൻ അബീറിനേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൗണ്ട് മാസിഡോണിൽ നിന്നുള്ള 66 കാരനാണ് കാറോടിച്ചത്. ഇയാളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ പരിശോധനക്ക് വിധേയനാക്കിയെന്നും മദ്യപിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam