
2023 പ്രതീക്ഷകളും ഒപ്പം ആശങ്കകളും ബാക്കിയ്ക്കുമ്പോള്‍ വീണ്ടും ഒരു കലണ്ടര്‍ വര്‍ഷം മാറുകയാണ്. കഴിഞ്ഞ വര്‍ഷം ലോകത്തെ സ്വാധീനിച്ച അഞ്ച് പ്രധാനപ്പട്ട വാര്‍ത്തകളെ പരിശോധിക്കുകയാണ് ഇവിടെ. വൈദ്യശാസ്ത്ര ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നറ്റേങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വരും വര്‍ഷങ്ങളിലും ശക്തമാകുമെന്നും 2023 ഓര്‍മ്മപ്പെടുത്തുന്നു. അതേ സമയം രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമിയില്‍ ഇന്നും യുദ്ധങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല, പുതിയ യുദ്ധങ്ങള്‍ക്ക് വഴി തുറക്കുക കൂടിയാണ് 2023. നാളത്തെ ലോകത്തെ കൂടി സ്വാധീനിക്കാന്‍ ശേഷിയുള്ള 2023 അവശേഷിപ്പിച്ച ആ അഞ്ച് പ്രധാനപ്പെട്ട സംഭവങ്ങളിലേക്ക്...
ഫെബ്രുവരി 6
തുർക്കി സിറിയ അതിര്‍ത്തിയിലുണ്ടായ ഭുചലനത്തില്‍ മരിച്ചത് 59,259 പേര്‍. 1,21,704 ആളുകള്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം അടുത്തക്കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തം വിതച്ച ഭൂചലനമായിരുന്നു. തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് തുര്‍ക്കിയിലായിരുന്നു 50,783. ഏതാണ്ട് ഒരു ലക്ഷത്തോളം പേരെ കാണാതായി. അതേ സമയം സിറിയയില്‍ 8,000 ത്തോളം പേര്‍ മരിച്ചപ്പോള്‍ 14,000 ത്തോളം പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 ല്‍ ഉണ്ടായ ഒരൊറ്റ പ്രകൃതിദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടതും ഈ ഭൂചലനത്തിലാണ്. ഫെബ്രുവരി 20 ന് തുര്‍ക്കി -സിറിയ അതിര്‍ത്തിയില്‍ രണ്ടാമത്തെ ഭൂചലനം രേഖപ്പെടുത്തി. മരണ സംഖ്യ 11. അതേസമയം തുര്‍ക്കിക്ക് പുറകെ അഫ്ഗാനിസ്ഥാന്‍ (രണ്ട് തവണ - ഒക്ടോബര്‍ 7 -മരണം 1482, മാര്‍ച്ച് 21- മരണം 21) ), മൊറോക്കോ (സെപ്തംബര്‍ 8 -മരണം 2,960), നേപ്പാള്‍ (നവംബര്‍ 3 - മരണം 153), ഇക്വഡോര്‍ (മാര്‍ച്ച് 18- മരണം 18), ഫിലിപ്പിയന്‍സ് (നവംബര്‍ 17 -മരണം 11).
മാർച്ച് 17
2022 ഫെബ്രുവരി 24 ന് ആരംഭിച്ച്, ഇന്നും അവസാനമില്ലാതെ തുടരുകയാണ് റഷ്യ യുക്രൈന്‍ പോരാട്ടം. യുഎസ്എയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്‍റെ സജീവ പിന്തുണയാണ് കഴിഞ്ഞ 22 മാസമായിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കുന്നതില്‍ നിന്ന് റഷ്യയെ തടയുന്നത്. ഇതിനിടെ മാര്‍ച്ച് 17 ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും കുട്ടികളുടെ അവകാശങ്ങൾക്കായുള്ള റഷ്യൻ കമ്മീഷണർ മരിയ എൽവോവ-ബെലോവയ്ക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമായ ഒരു രാഷ്ട്രത്തിന്‍റെ തലവനെതിരെ ആദ്യമായാണ് ഇത്തരമൊരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കപ്പെടുന്നത്. റഷ്യയുടെ യുദ്ധ സന്നാഹത്തില്‍ കാര്യമായ ഒന്നും ചെയ്യാനാകാതെ യുഎന്‍ നിഷിക്രിയമായ സംഘടനയായി മാറുന്നതും ലോകം കണ്ടു.
ജൂണ്‍ 18
1912 ല്‍ മഞ്ഞ് മലയില്‍ ഇടിച്ച് കടലാഴങ്ങളിലേക്ക് മുങ്ങിപ്പോയ പ്രശസ്തമായ ടൈറ്റാനിക്ക് കപ്പല്‍ സന്ദര്‍ശിക്കുന്നതിനായി ഓഷൻഗേറ്റ് എക്സ്പഡീഷൻസ് സംഘടിപ്പിച്ച വിനോദയാത്ര ദുരന്തത്തില്‍ അവസാനിച്ചു. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാകിസ്ഥാൻ വ്യവസായിയായ ഷഹ്‌സാദ ദാവൂദ് (48), മകൻ സുലൈമാൻ (19) എന്നിവരായിരുന്നു അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന വിനോദസഞ്ചാരികള്‍. യാത്രക്കാരെല്ലാവരും അപകടത്തില്‍ മരിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായില്ല. ഓഷ്യന്‍ ഗേറ്റ് ടൈറ്റന്‍ സബ്‌മെർസിബിൾ ഗുണനിലവാരം കുറഞ്ഞ അന്തര്‍വാഹിനിയാണെന്ന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ദുരന്തം ലോകമെങ്ങും വാര്‍ത്തകളില്‍ നിറഞ്ഞു.
ഒക്ടോബർ 7
അപ്രതീക്ഷിതമായി ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഒക്ടോബർ 7 ന് പുലര്‍ച്ചെ അതിര്‍ത്തി കടന്നെത്തിയ ഹമാസ് സംഘാംഗങ്ങള്‍ ഇസ്രയേലിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ക്രൂരമായ നരവേട്ട നടത്തി നിരവധി പേരെ ബന്ദികളാക്കി. തൊട്ടടുത്ത ദിവസം ഇസ്രയേല്‍ പാലസ്തീനെതിരെ യുദ്ധ പ്രഖ്യാപനം നടത്തുകയും വടക്കന്‍ ഗാസയിലേക്ക് മിസൈല്‍ വര്‍ഷം ആരംഭിക്കുകയും ചെയ്തു. ആദ്യം വടക്കന്‍ ഗാസ ആക്രമിച്ച ഇസ്രയേല്‍ കുറച്ച് ദിവസത്തെ വെടി നിര്‍ത്തലിന് ശേഷം തെക്കന്‍ ഗാസയിലേക്കും അതിരൂക്ഷമായ അക്രമണം നടത്തുകയാണ്. ഇരുഭാഗത്തുമായി ഇതിനകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ മരിച്ചതായി കണക്കാക്കുന്നു. ഇതില്‍ പകുതിയ്ക്ക് അടുത്ത് കുട്ടികളാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധം മൂന്നാം മാസത്തേക്ക് കടന്നു. ഹമാസിനെതിരെയുള്ള നടപടിക്ക് ഗാസയിലെ സാധാരണക്കാരെ അക്രമിക്കരുതെന്ന് ലോക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
നവംബർ 17
ആഗോള ശരാശരി താപനില, വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള ശരാശരിയേക്കാൾ താൽകാലികമായി 2 ഡിഗ്രി സെൽഷ്യസ് കൂടിയതായി പ്രഖ്യാപിക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭൂമിയുടെ താപനിലയില്‍ ഇത്രയേറെ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. വരും വര്‍ഷങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഈ താപ വര്‍ദ്ധന കാരണമാകുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആല്‍പ്സ്, ഏവറസ്റ്റ് തുടങ്ങിയ ഹിമപര്‍വ്വതങ്ങളിലെയും അന്‍റാര്‍ട്ടിക്ക, ആര്‍ട്ടിക്ക് പ്രദേശങ്ങളിലെയും താപനില ഉയരുകയും അത് വഴി പ്രദേശങ്ങളിലെ ഐസ് ഉരുകാനും ഇത് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്രയേറെ മഞ്ഞുരുക്കം കടല്‍ തീരത്തോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലേക്ക് തള്ളും. ഒപ്പം ലോകമെങ്ങും എല്‍നിനോ പ്രതിഭാസം ശക്തമാകും. ഇത് ഉഷ്ണതരംഗത്തിനും അതുവഴി കാട്ടുതീയ്ക്കും കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam