ചരിഞ്ഞ ആനയുടെ മൃതദേഹം ഭക്ഷിച്ച അപൂർവ്വയിനത്തിൽപ്പെട്ട അഞ്ഞൂറോളം കഴുകൻമാർ ചത്തു

By Web TeamFirst Published Jun 21, 2019, 12:23 PM IST
Highlights

വേട്ടക്കാർ മയക്ക് വെടിവച്ച് കൊന്ന മൂന്ന് ആനകളുടെ ജീർണ്ണിച്ച മൃത​ദേഹം ഭക്ഷിച്ച 537 കഴുകൻമാരാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. 

ബോസ്‍വാന: ചരിഞ്ഞ ആനയുടെ മൃതദേഹം ഭക്ഷിച്ച അപൂർവ്വയിനത്തിൽപ്പെട്ട അഞ്ഞൂറോളം കഴുകൻമാർ ചത്തു. വേട്ടക്കാർ മയക്ക് വെടിവച്ച് കൊന്ന മൂന്ന് ആനകളുടെ ജീർണ്ണിച്ച മൃത​ദേഹം ഭക്ഷിച്ച 537 കഴുകൻമാരാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. വിഷബാധയേറ്റാണ് കഴുകൻമാർ ചത്തതെന്ന് ബോസ്‍വാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.  

ആഫ്രിക്കൻ കോളനിക്ക് പടിഞ്ഞാറ് ഭാ​ഗത്തായാണ് കഴുകൻമാരെ ചത്തനിലയിൽ കണ്ടെത്തിയത്. മഞ്ഞനിറത്തലുള്ള രണ്ട് കഴുകൻമാർ, കറുപ്പും വെളുപ്പും നിറത്തിലുള്ള 468 കഴുകൻമാർ, 17 വെളുത്ത കഴുകൻമാർ, 28 പത്തിയുള്ള കഴുകൻമാർ എന്നിവയാണ് ചത്തത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ജീവജാലകങ്ങളുടെ ചുവന്ന പട്ടികയിൽപ്പെടുന്ന കഴുകൻമാരാണിവ. 

അതേസമയം, ആനകൾ വെടിവച്ച് കൊല്ലപ്പെട്ടതിനെക്കുറിച്ചോ കഴുകൻമാരെ ചത്ത നിലയിൽ കണ്ടെത്തിയതിനെക്കുറിച്ചോ ബോസ്‍വാന വന്യജീവി, ദേശീയ പാർക്ക് വകുപ്പ് സർക്കാരിന് അറിയിത്തിരുന്നില്ലെന്ന് അധികൃതർ ആരോപിച്ചു. സ്ഥലത്തുനിന്ന് കണ്ടെത്തിയ കഴുകൻമാരുടെ സാംമ്പിളുകൾ പരിശോധനയ്ക്കായി ലാബിൽ അയച്ചതായും അധികൃതർ അറിയിച്ചു. 

click me!