ഇറാനിൽ പുതിയ ആക്രമണ പരമ്പര തുടങ്ങി അമേരിക്ക - ഇസ്രയേൽ സഖ്യം. മിസൈൽ ശേഷി ഇല്ലാതാക്കലാണ് ലക്ഷ്യം. ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നു.
വാഷ്ങ്ടൺ: ഇറാനിൽ പുതിയ ആക്രമണ പരമ്പര തുടങ്ങി അമേരിക്ക - ഇസ്രയേൽ സഖ്യം. മിസൈൽ ശേഷി ഇല്ലാതാക്കലാണ് ലക്ഷ്യം വെക്കുന്നത്. ട്രംപിന്റെ യുദ്ധാധികാരങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം തള്ളി അമേരിക്കൻ സെനറ്റ്. ലെബനാനിൽ കൂടുതൽ ഹിസ്ബുല്ല താവളങ്ങൾ ഇസ്രയേൽ തകർത്തു. അതേസമയം, ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നു. കൂടുതൽ മിസൈലുകൾ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു.
ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിൽ ആണ് ഇപ്പോൾ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്.
സൗദിയിൽ നിരവധി തവണ ആക്രമണങ്ങൾ നടന്നു. അൽ ഖർജിൽ 3 ഡ്രോണുകൾ കൂടി തകർത്തതായി സൗദി അറേബ്യ അറിയിച്ചു. അമേരിക്കയും ചൈനയും ഇന്ത്യയുമായും സംസാരിച്ചതായും സൗദി അറിയിച്ചു. ഗൾഫ് മേഖലയിൽ ഇന്ധന കപ്പലിൽ ചോർച്ചയുണ്ടായതായി വിവരങ്ങൾ. സ്ഫോടന ശബ്ദത്തിന് പിന്നാലെയാണിത്. മുബാറക് അൽ കബീർ തീരത്തിനു 60 കിലോമീറ്റർ അകലെയാണ് സംഭവം. എന്നാൽ, ഇത് കുവൈത്തിന്റെ തീരത്തല്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കി. അതേസമയം, മുൻകരുതൽ നടപടിയുടെ ഭാഗമായി ഖത്തറിൽ അമേരിക്കൻ എംബസി പരിസരത്തെ താമസക്കാരെ ഒഴിപ്പിക്കുകയാണ്.



