
ബ്രസീലിയ: ബ്രസീലിലെ വിവിധ ജയിലുകളിലായുണ്ടായ സംഘര്‍ഷത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. മയക്കുമരുന്ന് മാഫിയാ ഗ്യാംങ്ങുകളില്‍ പെട്ടവര്‍ ജയിലിനകത്ത് ഏറ്റുമുട്ടിയാണ് മരിച്ചതെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലെ നാല് ജയിലുകളിലായാണ് തടവുപുള്ളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ഇത്രയും തടവുപുള്ളികള്‍ കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശ്വസം മുട്ടിയാണ് പലരും മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ടൂത്ത‌് ബ്രഷിന്റെ അറ്റം മൂർച്ചകൂട്ടിയുള്ള ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
രണ്ടു വർഷം മുമ്പ് ബ്രസീല്‍ ജയിലുണ്ടായ ഏറ്റുമുട്ടലിലും 56 പേർ കൊല്ലപ്പെട്ടിരുന്നു. 2016 ലെ കണക്ക് പ്രകാരം തടവുകാരുടെ എണ്ണത്തില്‍ ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ‌് ബ്രസീൽ.