ബ്രിട്ടനിൽ 56 എംപിമാർക്കെതിരെ ലൈം​ഗിക പീഡന ആരോപണം, മൂന്ന് മന്ത്രിമാരും പട്ടികയിൽ

By Web TeamFirst Published Apr 28, 2022, 1:56 AM IST
Highlights

മിക്ക എംപിമാരും സ്റ്റാഫിലെ ഏതെങ്കിലും വനിതാ അം​ഗത്തിന് ലൈംഗികതക്കായി കൈക്കൂലി നൽകിയതായും ആരോപണമുണ്ട്.

ലണ്ടൻ: ബ്രിട്ടനിൽ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 56 എംപിമാർ ലൈം​ഗികാതിക്രമം നടത്തിയതായി റിപ്പോർട്ട്.  ഇൻഡിപെൻഡന്റ് കംപ്ലയിന്റ്സ് ആൻഡ് ഗ്രീവൻസ് സ്കീമിന് (ഐസിജിഎസ്) കീഴിലാണ് 56 എംപിമാരുടെ പേരുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ മൂന്ന് മന്ത്രിമാരും ഉൾപ്പെടുന്നുവെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലൈംഗികമായി അനുചിതമായ പെരുമാറ്റം മുതൽ ഗുരുതരമായ തെറ്റുകൾ വരെ ചെയ്തവരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മിക്ക എംപിമാരും സ്റ്റാഫിലെ ഏതെങ്കിലും വനിതാ അം​ഗത്തിന് ലൈംഗികതക്കായി കൈക്കൂലി നൽകിയതായും ആരോപണമുണ്ട്.  എന്നാൽ, മുമ്പത്തെപ്പോലെയല്ല കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി കാര്യങ്ങൾ മെച്ചപ്പെട്ടിരിക്കുകയാണെന്നാണ് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ പറഞ്ഞത്. മുമ്പത്തെപ്പോലെ വെസ്റ്റ്മിനിസ്റ്ററിൽ ഇപ്പോൾ കാര്യങ്ങൾ നടക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകനോട് പറഞ്ഞു. എന്നാൽ, എംപിമാർ ലൈംഗികതക്കായി സ്ഥാനം ദുരുപയോഗം ചെയ്യുന്നവരോ അല്ലെങ്കിൽ അഴിമതി കാണിക്കുന്നവരോ ആണെങ്കിൽ നടപടി ഉടൻ വേണമെന്ന്  ട്രഷറിയുടെ ഷാഡോ ഇക്കണോമിക് സെക്രട്ടറി തുലിപ് സിദ്ദിഖ് പറഞ്ഞു.

2018ലാണ് ക്രോസ്-പാർട്ടി പിന്തുണയോടെ സ്വതന്ത്ര ഏജൻസിയായി ഐസിജിഎസ് രൂപീകരിച്ചത്. തുടർന്നാണ് എംപിമാർക്കും മന്ത്രിമാർക്കുമെതിരെ ഇത്രയേറെ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.  എം‌പിമാരുടെ പേരുവിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, ഐ‌സി‌ജി‌എസിൽ നൽകിയ പരാതികളിൽ ഒരെണ്ണമെങ്കിലും ക്രിമിനൽ കുറ്റവുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ടോറി എംപി ഇമ്രാൻ അഹമ്മദ് ഖാൻ രാജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഈ മാസമാദ്യം, മറ്റൊരു ടോറി എംപിയായ ഡേവിഡ് വാർബർട്ടണെതിരെയും ലൈംഗിക പീഡനാരോപണവും കൊക്കെയ്ൻ ഉപയോഗ ആരോപണവും ഉന്നയിച്ചിരുന്നു. എല്ലാ ആരോപണങ്ങളും ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും  പരാതികളുള്ള ആർക്കും മുന്നോട്ടുവരാമെന്നും ബ്രിട്ടൻ ​ഗവൺമെന്റ് വക്താവ് സൺഡേ ടൈംസിനോട് പറഞ്ഞു.

click me!