വിമാനയാത്രക്കെത്തിയ യുവതിയുടെ ബാഗില്‍ ആറ് ദിവസം പ്രായമുള്ള കുഞ്ഞ്; രേഖകളില്ലെന്ന് അധികൃതര്‍

By Web TeamFirst Published Sep 5, 2019, 4:16 PM IST
Highlights

കുട്ടിയുമായി ബന്ധമുണ്ടെങ്കിലും ഇതുതെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കലുണ്ടായിരുന്നില്ല. കുഞ്ഞിന്‍റെ തിരിച്ചറിയല്‍ രേഖയും ദേശീയത തെളിയിക്കാനുള്ള രേഖയും  ഹാജരാക്കാന്‍ അവര്‍ക്കായില്ല. 

മനില: വിമാനയാത്രക്കെത്തിയ അമേരിക്കന്‍ സ്വദേശിയായ യുവതി തന്‍റെ ബാഗ് ഒളിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്രവിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ് വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരിശോധനയില്‍ കണ്ട കാഴ്ച ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതായിരുന്നു. 

അമേരിക്കന്‍ സ്വദേശിയായ യുവതിയുടെ ബാഗില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ്. രാവിലെ 6.20ഓടെയായിരുന്നു സംഭവം. 43കാരിയായ ജന്നിഫര്‍ ടാല്‍ബോട്ടാണ് കുഞ്ഞുമായി രാജ്യം വിടാന്‍ ശ്രമിച്ചത്. കുട്ടിയ്ക്ക് മതിയായ രേഖകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. 

കുട്ടിയുമായി ബന്ധമുണ്ടെങ്കിലും ഇതുതെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കലുണ്ടായിരുന്നില്ല. കുഞ്ഞിന്‍റെ തിരിച്ചറിയല്‍ രേഖയും ദേശീയത തെളിയിക്കാനുള്ള രേഖയും  ഹാജരാക്കാന്‍ അവര്‍ക്കായില്ല. ഫിലിപ്പീന്‍സിലെ നിയമപ്രകാരം കുട്ടിയുടെ രക്ഷിതാവിന്‍റെയോ അധികാരപ്പെട്ട ഒരാളുടെയോ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ വിദേശരാജ്യത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി യാത്രചെയ്യാനാകൂ. 

നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന് യുവതിയെ കൈമാറി. നീതിന്യായവകുപ്പ് യുവതിയുടെ മേല്‍ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ തീരുമാനിക്കും. മനിലയിലെ യുഎസ് എംബസി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

click me!