
ദില്ലി: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ ഏഴ് പ്രമുഖ ബിസിനസുകാർക്ക് ക്ഷണം. ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ. വിപ്രോ സിഇഒ ശ്രീനി പല്ലിയ, ഇൻഫോസിസ് സിഇഒ സലിൽ എസ് പരേഖ്, ബജാജ് ഫിൻസെർവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ബജാജ്, മഹീന്ദ്ര ഗ്രൂപ്പിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അനീഷ് ഷാ, ജൂബിലന്റ് ഭാരതിയ ഗ്രൂപ്പിന്റെ സ്ഥാപകനും സഹ-ചെയർമാനുമായ ഹരി എസ് ഭാർതിയ എന്നിവരാണ് സ്വീകരണത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ വ്യവസായികൾ.
ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ ട്രംപിനൊപ്പം ഇന്ത്യയിൽ നിന്നുള്ള ബിസിനസ് പ്രതിനിധികളും പങ്കെടുക്കും. പുതിയ വ്യാപാര കരാർ സംബന്ധിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ ദാവോസിലെ ഇന്ത്യയിലെ പ്രമുഖ വ്യവസായികളുടെ സാന്നിധ്യം സാമ്പത്തിക വിദഗ്ധരും ഇന്ത്യൻ നിക്ഷേപകരും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അതേസമയം ഗ്രീൻലാൻഡ് വിഷയത്തിൽ ഉൾപ്പടെ നിർണായക ചർച്ചകൾ ദാവോസിൽ നടക്കുമെന്നാണ് റിപ്പോർട്ട്. നയതന്ത്ര അസ്വസ്ഥത വർദ്ധിപ്പിക്കുന്ന തരത്തിൽ, ഗ്രീൻലാൻഡ്, കാനഡ, വെനിസ്വേല എന്നിവയെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഒരു ഭൂപടം ട്രംപ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.
അതിനിടെ ദാവോസിലേക്കുള്ള യാത്രക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിമാനം തിരികെ പറന്നു. സ്വിറ്റസർലാൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കോണമിക് ഫോറം സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ട്രംപ് വാഷിങ്ടണിൽ നിന്നും യാത്ര തിരിച്ചത്. തുടർന്ന് യാത്രക്കിടെ ചെറിയ ഇലക്ട്രിക്കൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മേരിലാൻഡിലെ ജോയിന്റ് എയർബേസ് ആൻഡ്രൂസിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു. മറ്റൊരു വിമാനത്തിൽ ട്രംപ് ദാവോസിലേക്ക് ഉടൻ തിരിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam