
ഓസ്‌ലോ: യുദ്ധസമാനമായ സാഹചര്യമുണ്ടായാൽ സൈന്യത്തിന് പൗരൻമാരുടെ വാഹനങ്ങൾ, ബോട്ടുകൾ, മറ്റ് സ്വത്തുക്കളും പിടിച്ചെടുത്ത് ഉപയോഗിക്കേണ്ടി വരുമെന്ന് നോർവേ. റഷ്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ നോർവേ. ഇതുവരെ 13,000 പൗരന്മാർക്കാണ് ഈ സന്ദേശം കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അനിവാര്യമായി വന്നാൽ രാജ്യത്തിന്‍റെ പ്രതിരോധത്തിനായി വേണ്ട വസ്തുക്കൾ സേനക്ക് ഉറപ്പാക്കാനാണ് ഈ സന്ദേശമെന്നാണ് നോർവീജിയൻ സൈന്യം വ്യക്തമാക്കിയത്.
ഒരു വർഷത്തിൽ എപ്പോൾ വേണമെങ്കിലും സൈന്യത്തിന് പൗരൻമാരുടെ വാഹനങ്ങൾ, ബോട്ടുകൾ, മറ്റ് സ്വത്തുക്കളും പിടിച്ചെടുക്കാമെന്നാണ് സന്ദേശം. നേരത്തേയും ഇത്തരത്തിലുള്ള സന്ദേശങ്ങൾ സൈന്യം നോർവേയിലെ പൌരന്മാർക്ക് കൈമാറിയിട്ടുണ്ട്. ഗുരുതരമായ സുരക്ഷാ വെല്ലുവിളികളാണ് നോർവേ നേരിടുന്നതെന്നും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇത്തരമൊരു സാഹചര്യം ആദ്യമായിട്ടാണെന്നും സൈന്യത്തിലെ ലോജിസ്റ്റിക്സ് ഓർഗനൈസേഷൻ മേധാവി ആൻഡേഴ്‌സ് ജെൻബർഗ് പറഞ്ഞു. ഒരു യുദ്ധത്തിന് സജ്ജമാകേണ്ട സാഹചര്യം മുന്നിലുള്ളതിനാൽ സൈന്യത്തിന് ജനങ്ങളുടെ പക്കൽ നിന്നും വലിയ പിന്തുണ വേണമെന്നും ജെൻബർഗ് പറഞ്ഞു.
ആർട്ടിക് മേഖലയിൽ റഷ്യയും ചൈനയും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് നാറ്റോ അംഗം കൂടിയായ നോർവേയുടെ ആശങ്ക കൂട്ടുന്നത്. ഗ്രീൻലാൻഡിനുമേലുള്ള പരമാധികാരം പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾ തുടരവേയാണ് നോർവേയുടെ ഭാഗത്തുനിന്നുള്ള നീക്കം. അടുത്തിടെ നോർവേ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എട്ടോളം യുദ്ധങ്ങൾ നിർത്തി വെപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകേണ്ടതില്ലെന്ന് നിങ്ങളുടെ രാജ്യം തീരുമാനിച്ചത് കണക്കിലെടുക്കുമ്പോൾ, സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോർവ പൌരന്മാർക്ക് മുന്നറിയിപ്പ് നകിയതെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam