പാകിസ്ഥാനില്‍ റാലിക്ക് നേരെ ചാവേര്‍ ആക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

By Web TeamFirst Published Feb 18, 2020, 1:40 AM IST
Highlights

അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്‍റെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായതെന്ന് സൗത് വെസ്റ്റേണ്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സിയ ലംഗോവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും ചാവേര്‍ ആക്രമണം. ക്വറ്റയില്‍ സംഘടന രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 
അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്‍റെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായതെന്ന് സൗത് വെസ്റ്റേണ്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സിയ ലംഗോവ് മാധ്യമങ്ങളോട് പറഞ്ഞു.  ബൈക്കിലെത്തിയ ആക്രമിയെ  പൊലീസ് തടഞ്ഞുവെച്ചു. ഉടന്‍ തന്നെ ആക്രമി റാലിക്ക് നേരെ കുതിക്കുന്നതിനിടെ  പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ക്വെറ്റ പൊലീസ് തലവന്‍ അബ്‍ദുല്‍ റസാഖ് ചീമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമിയെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് മുന്നോട്ട് കുതിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിയെ തടയാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍. പൊലീസ് ബാരിക്കേഡിന് സമീപത്താണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

തീവ്ര വലതുപക്ഷ ആശയം പുലര്‍ത്തുന്ന മത-രാഷ്ട്രീയ സംഘടനയാണ് അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത്.  പാകിസ്ഥാനി നിയമപ്രകാരം ഷിയാക്കളെ അമുസ്ലീങ്ങളായി പ്രഖ്യാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ഷിയാക്കള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത്. ഭീകരവാദ സംഘടനയായ ലഷ്കെര്‍ ഇ ജാങ്‍വി എന്ന സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ ഭീകരവാദ സംഘടനയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇവരുടെ നിലപാട്. 

click me!