തീറ്റ മത്സരത്തിനിടെ കേക്കുകൾ ഒരുമിച്ച് തിന്നാൽ ശ്രമിച്ചു; ഇരുപത്തിമൂന്നുകാരിക്ക് ദാരുണാന്ത്യം

By Web TeamFirst Published Feb 17, 2020, 4:58 PM IST
Highlights

തീറ്റ മത്സരം ആരംഭിച്ചതോടെ പ്ലേറ്റിൽ അടുക്കിവച്ചിരിക്കുന്ന കേക്കുകളിൽ ഒന്ന് യുദീന ആദ്യം തീന്നു തീർത്തു. ഇതിന് പിന്നാലെ ബാക്കി രണ്ട് കേക്കുകൾ ഒരുമിച്ച് അകത്താക്കാൻ ശ്രമിച്ചതോടെയാണ് കേക്ക് തൊണ്ടയിൽ കുടങ്ങിയത്. 

മോസ്‌കോ: തീറ്റമത്സരത്തിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങി ഇരുപത്തിമൂന്നുകാരിക്ക് ദാരുണാന്ത്യം. റഷ്യയിലെ മോസ്കോയിലെ കിൽഫിഷ് എന്ന ബാറിലാണ് സംഭവം. മൂന്ന് ചോക്കോ പൈ കേക്കുകളാണ് യുവതി ഒറ്റയടിക്ക് അകത്താക്കിയത്. ഇതിനെ തുടർന്ന് ശ്വാസം തടസ്സം അനുഭവപ്പെടുകയും യുവതി തൽക്ഷണം മരണപ്പെടുകയായിരുന്നു.

പാരമെഡിക് വിദ​ഗ്ധയായ അലക്‌സാണ്ട്ര യുദീനയാണ് അതിദാരുണമായി മരണപ്പെട്ടത്. കേക്ക് തീറ്റ മത്സരത്തിൽ പങ്കെടുക്കാനായിരുന്നു യുദീന സുഹൃത്തുക്കൾക്കൊപ്പം ബാറിലെത്തിയത്. യുദീനയെ കൂടാതെ മറ്റ് രണ്ട് പേരുംകൂടി മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വെളുത്ത നിറമുള്ള പ്ലേറ്റിൽ നിരത്തി വച്ചിരിക്കുന്ന മൂന്ന് കേക്കുകൾ ആദ്യം കഴിച്ചിതീർക്കുന്നവരായിരിക്കും മത്സരത്തിലെ വിജയി. തീറ്റ മത്സരം ആരംഭിച്ചതോടെ പ്ലേറ്റിൽ അടുക്കിവച്ചിരിക്കുന്ന കേക്കുകളിൽ ഒന്ന് യുദീന ആദ്യം തീന്നു തീർത്തു. ഇതിന് പിന്നാലെ ബാക്കി രണ്ട് കേക്കുകൾ ഒരുമിച്ച് അകത്താക്കാൻ ശ്രമിച്ചതോടെയാണ് കേക്ക് തൊണ്ടയിൽ കുടങ്ങിയത്.

കേക്ക് തീന്നുന്നതിനിടെ മത്സരാർത്ഥികൾ ബാറിനുള്ളിലെ പാട്ടിനൊപ്പം ഡാൻസ് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഫോട്ടോ എടുക്കാൻ ക്യാമറാമാൻ വന്നതോടെ യുദീന നിലതെറ്റി തറയിലേക്ക് വീഴുകയായിരുന്നു. ശ്വാസംകിട്ടാതെ കേക്ക് വായില്‍നിന്ന് ഒഴിവാക്കാന്‍ യുദീന ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോകുന്നതിനിടെ യുദീന തളര്‍ന്നുവീഴുകയായിരുന്നു. യുദീനയുടെ ആരോ​ഗ്യനില മോശമാണെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കളും ബാർ ജീവനക്കാരും ചേർന്ന് യുദീനയ്ക്ക് പ്രഥമശുശ്രൂഷയും വൈദ്യസഹായവും നൽകി. തുടർന്ന് അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കേക്ക് തൊണ്ടിയിൽ കുരുങ്ങി ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് ഡോക്ടർമാർ പറ‍ഞ്ഞു. അതേസമയം, ആറുമാസമായി യുദീന ലുക്കീമിയയ്ക്ക് ചികിത്സ തേടുകയാണെന്ന് അടുത്ത സുഹൃത്തുകൾ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ ഓരോ നിമിഷവും വളരെ നന്നായി ആഘോഷിക്കാൻ യുദീന ആ​ഗ്രഹിച്ചിരുന്നതായും സുഹൃത്തുക്കൾ പറ‍ഞ്ഞു. എന്നാൽ, യു​ദീനയുടെ കുടുംബം ഇതുസംബന്ധിച്ചുള്ള സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. മകള്‍ കാന്‍സര്‍ രോഗിയാണെന്ന വിവരം തങ്ങളാരും അറിഞ്ഞിട്ടില്ലെന്നായിരുന്നു അലക്‌സാണ്ട്രയുടെ പിതാവിന്റെ പ്രതികരണം. ബാറില്‍വച്ച് അലക്‌സാണ്ട്ര കേക്ക് കഴിക്കുന്നതിന്റെയും കുഴഞ്ഞുവീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

click me!