ജര്‍മനിയില്‍ വെടിവെപ്പ്: എട്ട് മരണം, നിരവധിപേര്‍ക്ക് പരിക്ക്

By Web TeamFirst Published Feb 20, 2020, 9:00 AM IST
Highlights

രാത്രി പത്തോടെയാണ് ആദ്യത്തെ കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. കുറച്ച് സമയങ്ങള്‍ക്ക് ശേഷം മറ്റൊരിടത്തും സമാനമായ ആക്രമണം നടന്നു.

ബര്‍ലിന്‍: ജര്‍മനിയില്‍ ഹുക്ക കേന്ദ്രങ്ങളില്‍ വെടിവെപ്പ്. ഫ്രാങ്ക്ഫര്‍ട്ടിന് 20 കിലോമീറ്റര്‍ സമീപത്തെ ഹനാവു നഗരത്തിലാണ് ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്. രാത്രി പത്തോടെയാണ് ആദ്യത്തെ കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. കുറച്ച് സമയങ്ങള്‍ക്ക് ശേഷം മറ്റൊരിടത്തും സമാനമായ ആക്രമണം നടന്നു. ആക്രമണം നടത്തിയത് ഒരാളാണോ അതില്‍ ഒന്നില്‍ കൂടുതല്‍ പേരാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. 

ആദ്യത്തെ ആക്രമണത്തില്‍ അഞ്ച് പേരും രണ്ടാമത്തെ ആക്രമണത്തില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. ആദ്യ ആക്രമണം നടന്ന സ്ഥലത്തുനിന്ന് കറുത്ത കാര്‍ പൊകുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഈ കാറിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമികളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. നിരവധി ആളുകള്‍ ഒത്തുകൂടുന്ന ഇടമാണ് ജര്‍മന്‍ നഗരങ്ങളിലെ ഹുക്ക സെന്‍ററുകള്‍. ആക്രമണത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷാ സന്നാഹമൊരുക്കി. 

click me!