'എട്ട് മിനിറ്റ്, 46 സെക്കന്‍റ്'; ജോര്‍ജ് ഫ്ലോയിഡിന്‍റെ ഓർമ്മകൾക്ക് മുന്നിൽ മുട്ടുകുത്തി അമേരിക്കന്‍ ജനത

By Web TeamFirst Published Jun 6, 2020, 1:04 PM IST
Highlights

വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ഒരു കാലില്‍ മുട്ടുകുത്തി ഇരുന്ന് പൊലീസ് ഉദ്യോഗസ്ഥരും എട്ട് മിനിറ്റ് ഫ്ലോയിഡിന്റെ ഓര്‍മയ്ക്ക് മുന്നില്‍ തലകുനിച്ചു.

വാഷിം​ഗ്ടൺ: പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആഫ്രോ അമേരിക്കന്‍ ആയ ജോര്‍ജ്  ഫ്ലോയിഡിനായി 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം മാറ്റിവച്ച് അമേരിക്കൻ ജനത. ഫ്ലോയിഡിന്റെ സംസ്കാര ചടങ്ങുകൾ നടന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് ഇത്രയും സമയം ആളുകൾ മൗനം ആചരിച്ചത്. യുഎസിലെ വിവിധ ഇടങ്ങളിൽ ഒത്തുചേർന്നായിരുന്നു ജനങ്ങൾ ഫ്ലോയിഡിന് വിട നൽകിയത്.

അമേരിക്കൻ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ 8 മിനിറ്റ് 46 സെക്കന്‍ഡ് നേരത്തോളം ജോര്‍ജ് ഫ്ലോയിഡ് ശ്വാസത്തിന് വേണ്ടി മല്ലിട്ടതിന്റെ ഓർമ്മയ്ക്കായാണ് ഇത്രയും സമയം ജനങ്ങൾ മൗനം ആചരിച്ചത്. ഒരു രാജ്യം മുഴുവൻ ഐക്യത്തോടെ ഫ്ലോയിഡിന് അനുശോചനം രേഖപ്പെടുത്തി.

'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകൾ മുദ്രാവാക്യം ആക്കിയായിരുന്നു അനുശോചന യോ​ഗങ്ങൾ. വര്‍ണവെറിക്ക് ഇരയായ ഫ്ലോയിഡിന് അമേരിക്കന്‍ ജനത യാത്രാമൊഴി നല്‍കിയപ്പോള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം വര്‍ണ വിവേചനത്തിനെതിരെ ചരിത്രത്തിൽ കോറിയിട്ടതായി മാറി.

വ്യാഴാഴ്ച മിനിയാപോളിസിൽ എത്തിയ നൂറു കണക്കിന് ആളുകൾ എട്ട് മിനിറ്റ് സമയം നിലത്ത് കിടന്നായിരുന്നു ഫ്ലോയിഡിന് അനുശോചനമറിയിച്ചത്. ഫ്ലോയിഡിന് നീതി കിട്ടണമെന്നും ഇത്തരം അടിച്ചമർത്തലുകൾക്കിടിയിൽ തങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്നും അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ഒരു കാലില്‍ മുട്ടുകുത്തി ഇരുന്ന് പൊലീസ് ഉദ്യോഗസ്ഥരും എട്ട് മിനിറ്റ് ഫ്ലോയിഡിന്റെ ഓര്‍മയ്ക്ക് മുന്നില്‍ തലകുനിച്ചു. ഫ്ലോയിഡിന്റെ സന്ദേശം എക്കാലവും നിലനിൽക്കുമെന്ന്  മിന്നെസോട്ടയിലെ ജനങ്ങള്‍ ഐക്യത്തോടെ പറഞ്ഞു. യുഎസിലെ മിനിയപ്പൊളിസിൽ മേയ് 25നാണ് പൊലീസ് അതിക്രമത്തിൽ 46കാരനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്.

click me!