പ്രതിഷേധകര്‍ക്കൊപ്പം; വൈറ്റ്ഹൗസിന് സമീപത്തെ തെരുവിന് 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്ലാസ' എന്ന് പേരിട്ട് മേയര്‍

By Web TeamFirst Published Jun 6, 2020, 9:26 AM IST
Highlights

ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന മുദ്രാവാക്യം തെരുവിലെ റോഡില്‍ മഞ്ഞ നിറത്തിലുള്ള പെയിന്‍റുകൊണ്ട് എഴുതിച്ചേര്‍ക്കുകയായിരുന്നു...

വാഷിംഗ്ടണ്‍: ആഫ്രോ അമേരിക്കന്‍ ആയ ജോര്‍ജ്  ഫ്ലോയിഡ് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ തെരുവിന് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്ലാസ എന്ന് പേര് നല്‍കി വാഷിംഗ്ടണ്‍ മേയര്‍. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന് സമീപത്തെ തെരുവിന്‍റെ പേരാണ് മാറ്റിയത്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന് പേരിട്ടാണ് ജോര്‍ജിന്‍റെ കൊലപാതകത്തിനെതിരെയും കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും അമേരിക്കയില്‍ പ്രതിഷേധം നടക്കുന്നത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഒരു തെരുവിന് ആ പ്രതിഷേധത്തിന്‍റെ തന്നെ പേരിട്ടിരിക്കുന്നത്. 

ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന മുദ്രാവാക്യം തെരുവിലെ റോഡില്‍ മഞ്ഞ നിറത്തിലുള്ള പെയിന്‍റുകൊണ്ട് എഴുതിച്ചേര്‍ത്തുകൊണ്ടായിരുന്നു നടപടി. ''രാജ്യതലസ്ഥാനമായ വാഷിംഗ്ടണില്‍ നടക്കുന്ന പ്രതിഷേധങ്ങളെ മിലിറ്ററി സംഘത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെ മേയര്‍ ബോവ്സര്‍ ശക്തമായി എതിര്‍ത്തിരുന്നു. മേയറുടെ തീരുമാനത്തിന് വിപരീതമായാണ് നഗരത്തില്‍ പ്രതിഷേധകര്‍ക്ക് നേരെ തിരിച്ചടിയുണ്ടായത്. 

വൈറ്റ്ഹൗസിന് സമീപത്തെ തെരുവില്‍ മേയര്‍ മുറിയേല്‍ ഇ ബൗസര്‍... (Image credit- Washington Post)

'അമേരിക്കയില്‍ നിങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാം' - തെരുവിന് പേരെഴുതാന്‍ ഒത്തുകൂടിയവരോടായി ബൗസര്‍ പറഞ്ഞു. 
നഗരത്തില്‍ ഉദയത്തിന് മുമ്പ് ആളുകള്‍ ഒത്തുകൂടി. ഇതില്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. രാവിലെ 11 കഴിഞ്ഞതോടെ മേയര്‍ തെരുവിന്‍റെ ഒരു ഭാഗത്തായി നിന്ന് ഇത് വീക്ഷിക്കുന്നുണ്ടായിരുന്നു. 

വാഷിംഗ്ടണില്‍ നിന്ന് അധികമായി ഉപയോഗപ്പെടുത്തുന്ന എല്ലാ ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്‍റ്, മിലിറ്ററികളെയും  പിന്‍വലിക്കണമെന്ന് ട്രംപിന് അയച്ച കത്തില്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തന്‍റെ സിറ്റിയില്‍ തിരിച്ചറിയാനാവാത്തവര്‍ പട്രോളിംഗ് നടത്തുന്നതിനെയും മേയര്‍ കടുത്ത ഭാഷയില്‍ എതിര്‍ത്തിരുന്നു. അതേസമയം 'ദേശീയ സുരക്ഷയ്ക്ക് ചുമതലപ്പെടുത്തിയവരോടാണ് യുദ്ധം' ചെയ്യുന്നതെന്നാണ് ബൗസറിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തത്. 

click me!