കൊവിഡ് 19: ഇറ്റലിയിൽ മലയാളികളടക്കം 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു, 15 പേര്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Mar 2, 2020, 7:51 AM IST
Highlights

പാവിയ സര്‍വ്വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണ്.

റോം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മലയാളികളുൾപ്പടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു. പാവിയ സർവ്വകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ നാലുപേര്‍ മലയാളികളാണ്.  15 പേര്‍ തമിഴ്‍നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണ്ണാടകത്തില്‍ നിന്നും 25 പേര്‍ തെലുങ്കാനയില്‍ നിന്നും രണ്ടുപേര്‍ ദില്ലിയില്‍ നിന്നുമുള്ളവരാണ്. പാവിയ സര്‍വ്വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണ്. പതിനേഴ് മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു. 

യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 87,000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്‍ലൻഡിലും, ഡോമിനിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 21 പേർ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേർ ചികിത്സയിലുണ്ട്. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. അതീവ ഗൗരവത്തോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.

click me!