പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ വീണ്ടും റഷ്യൻ എണ്ണയെ ആശ്രയിച്ച് ഇന്ത്യ. അമേരിക്കൻ വിലക്കുകളിൽ ലഭിച്ച പ്രത്യേക ഇളവ് മുതലെടുത്ത്, ഇന്ത്യൻ ഓയിലും റിലയൻസും ഉൾപ്പെടെയുള്ള കമ്പനികൾ ഉയർന്ന വിലയ്ക്ക് ഏകദേശം 3 കോടി ബാരൽ റഷ്യൻ എണ്ണ വാങ്ങി.

പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് എണ്ണ വിതരണം തടസ്സപ്പെട്ടതോടെ, പ്രതിസന്ധി മറികടക്കാന്‍ വീണ്ടും റഷ്യയെ ആശ്രയിച്ച് ഇന്ത്യ. അമേരിക്കന്‍ വിലക്കുകളില്‍ പ്രത്യേക ഇളവ് ലഭിച്ചതോടെ, ഏകദേശം 3 കോടി (30 ദശലക്ഷം) ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന്, ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്. ഇതോടെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വരവ് നിലച്ചു. ഈ വലിയ വിടവ് നികത്താനാണ് ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണയിലേക്ക് തിരിഞ്ഞത്.

വില കൂടുതല്‍, എങ്കിലും സ്വന്തമാക്കി റിലയന്‍സും ഇന്ത്യന്‍ ഓയിലും

അമേരിക്കന്‍ ഇളവ് ലഭിച്ചതിന് പിന്നാലെ, സ്‌പോട്ട് മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടാതെ കിടന്നിരുന്ന മുഴുവന്‍ റഷ്യന്‍ എണ്ണയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് സ്വന്തമാക്കി. ഈ എണ്ണ കപ്പലുകളില്‍ കയറ്റിയ നിലയിലും, വലിയൊരു ശതമാനം ഏഷ്യന്‍ സമുദ്രപരിധിയിലും ആയിരുന്നു ഉണ്ടായിരുന്നത്. മുന്‍പ് കുറഞ്ഞ വിലയ്ക്കായിരുന്നു റഷ്യന്‍ എണ്ണ ലഭിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള്‍ ബാരലിന് 2 മുതല്‍ 8 ഡോളര്‍ വരെ അധിക തുക നല്‍കിയാണ് ഇന്ത്യ ഇത് വാങ്ങിയത്. യുറല്‍സ്, ഇ.എസ്.പി.ഒ , വരാന്‍ഡെ തുടങ്ങിയ വിവിധയിനം റഷ്യന്‍ ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ ഏകദേശം ഒരു കോടി ബാരലും, റിലയന്‍സ് അത്രതന്നെ അളവിലും എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കപ്പലുകള്‍ ഇന്ത്യയിലേക്ക് ദിശമാറി

മാര്‍ച്ച് 5-ന് മുന്‍പ് കപ്പലുകളില്‍ കയറ്റിയതും, ഇന്ത്യന്‍ കമ്പനികള്‍ വാങ്ങി ഇന്ത്യയിലേക്ക് തന്നെ കൊണ്ടുവരുന്നതുമായ എണ്ണയ്ക്കാണ് അമേരിക്കന്‍ ഭരണകൂടം പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം വന്നതോടെ, സിംഗപ്പൂരിലേക്കും ചൈനയിലേക്കും പോയിക്കൊണ്ടിരുന്ന പല എണ്ണക്കപ്പലുകളും പാതിവഴിയില്‍ വെച്ച് ദിശമാറി ഇന്ത്യയിലേക്ക് തിരിച്ചു. റഷ്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍ നിന്ന് യുറല്‍സ് എണ്ണയുമായി സിംഗപ്പൂരിലേക്ക് പോയിരുന്ന 'മൈലോ', 'സാറ' എന്നീ കപ്പലുകള്‍ ഇപ്പോള്‍ ഇന്ത്യ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് ചൈനയിലേക്ക് പോയിരുന്ന 'ഒയാസിസ്' , 'നോബിള്‍ വാക്കര്‍' എന്നീ കപ്പലുകളും ദിശമാറി ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 2022-ല്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിത്തുടങ്ങിയത്.