
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും പരസ്യ വധശിക്ഷ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിലാണ് 13 അംഗ കുടുംബത്തെ കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കിയത്. കുടുംബത്തിലെ 13കാരനായ കുട്ടിയെക്കൊണ്ടാണ് ശിക്ഷ നടപ്പാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വധശിക്ഷ നടപ്പാക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ശിക്ഷ നടപ്പാക്കുന്നത് കാണാൻ 80000നായിരത്തോളം പേർ തടിച്ചുകൂടി. ഖോസ്റ്റിലെ ഒരു സ്റ്റേഡിയത്തിൽ വെച്ച് ശിക്ഷി നടപ്പാക്കിയതി അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള നിരവധി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മംഗൾ എന്നയാളെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ വധശിക്ഷയ്ക്ക് അംഗീകാരം നൽകുകയും ചെയ്തിരുന്നു. പരസ്യമായ വധശിക്ഷ അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടു. മനുഷ്യത്വരഹിതവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചു. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം താലിബാൻ നടത്തുന്ന 11-ാമത്തെ ജുഡീഷ്യൽ കൊലപാതകമാണിതെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി അറിയിച്ചു. കൊലപാതകിയുടെ മേൽ ഖിസാസിന്റെ (പ്രതികാരം) ദൈവിക ഉത്തരവ് നടപ്പിലാക്കിയെന്ന് അഫ്ഗാൻ സുപ്രീം കോടതി പറഞ്ഞു.
വധശിക്ഷ നടപ്പാക്കുന്നത് കാണാൻ ഇരകളുടെ ബന്ധുക്കൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ ഖോസ്റ്റിലെ സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ ഒത്തുകൂടി. 10 മാസം മുമ്പ് അലി ഷിർ, തെരേസിയോ ജില്ലകളിലായി ഖോസ്റ്റ് നിവാസിയായ അബ്ദുൾ റഹ്മാനെയും മറ്റ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ മംഗൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വധശിക്ഷ നടപ്പാക്കിയപ്പോൾ ആളുകൾ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. കുറ്റവാളിക്ക് മാപ്പ് നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയതോടെ 13 വയസ്സുള്ള ആൺകുട്ടിയാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് അഫ്ഗാനിസ്ഥാനിലെ അമു ന്യൂസ് റിപ്പോർട്ട് ചെയ്തു. പരസ്യ വധശിക്ഷകൾ, ചാട്ടവാറടി, മറ്റ് ശാരീരിക ശിക്ഷകൾ എന്നിവയുൾപ്പെടെ ശരീഅത്ത് നിയമത്തിന്റെ കർശനമായ വ്യാഖ്യാനം താലിബാൻ പുനഃസ്ഥാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam