
കാലിഫോര്‍ണിയ: യുഎസിൽ വെറും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കയ്യിലെ തോക്കിൽ നിന്നുള്ള വെടിയേറ്റ് അമ്മ മരിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. കുട്ടി ബെഡിൽ അശ്രദ്ധമായി വച്ച തോക്ക് കുട്ടി എത്തിപ്പിടിച്ച് കാഞ്ചി വലിക്കുകയായിരുന്നു. 22 കാരിയായ അമ്മയെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അമേരിക്കൻ പൊലീസിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
22 കാരിയായ മിനയാണ് മരിച്ചത്. ഇവരുടെ കാമുകൻ ആൻഡ്രൂ സാഞ്ചസിന്റേതായിരുന്നു തോക്ക്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബെഡിൽ കിടക്കുകയായിരുന്ന അടുത്ത കിടന്ന അമ്മയ്ക്ക് നേരെ അബദ്ധത്തിൽ കാഞ്ചി വലിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച മിന. ഇത് ഏറെ നിര്‍ഭാഗ്യകരമാണ്. ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ലെഫ്റ്റന്റ് പോൾ സെര്‍വാന്റസ് പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത 9എംഎം തോക്ക് കുട്ടിക്ക് എടുക്കാൻ തക്കവണ്ണം സൂക്ഷിച്ചതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. അപകടം നടക്കുമ്പോൾ എട്ട് മാസം മാത്രം പ്രായമുള്ള സഹോദരനും ബെഡിൽ ഉണ്ടായിരുന്നു. എന്നാൽ കുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കുട്ടികളെ അപായപ്പെടുത്തൽ, ആയുധം അശ്രദ്ധമായി സൂക്ഷിച്ച് വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത സാഞ്ചസിനെ താൽക്കാലികമായി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
അതേസമയം, കാലിഫോർണിയയിലെ ഒരു ഷോപ്പിംഗ് സെന്ററിൽ പാർക്ക് ചെയ്ത ട്രക്കിനുള്ളിൽ ഏഴ് വയസുകാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് തന്റെ 2 വയസ്സുള്ള സഹോദരൻ മരിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം. 3 വയസുള്ള മറ്റൊരു കുട്ടി അബദ്ധത്തിൽ ഒരു വയസുള്ള സഹോദരനെ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്കുകൊണ്ട് വെടിവെച്ച് പരിക്കേൽപ്പിച്ച സംഭവവും കാലിഫോര്‍ണിയയിൽ നിന്ന് പുറത്തുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam