അബുദാബിയിൽ നിന്ന് ഇത്തിഹാദ് എയർവേയ്‌സ് വാണിജ്യ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. 2026 മാർച്ച് 10-ലേക്കുള്ള പുതിയ ഷെഡ്യൂൾ പുറത്തിറക്കിയ എയർലൈൻ, ബുക്കിംഗ് കൺഫേം ആയ യാത്രക്കാർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് നിർദ്ദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും സർവീസുകൾ നടത്തുക.
അബുദാബി: അബുദാബിയിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2026 മാർച്ച് 10-ലേക്കുള്ള പുതുക്കിയ വിമാന ഷെഡ്യൂൾ ഇത്തിഹാദ് എയർവേയ്‌സ് പുറത്തിറക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തിരഞ്ഞെടുത്ത പ്രധാന നഗരങ്ങളിലേക്കാണ് ഇത്തിഹാദ് സർവീസ് നടത്തുക. ബുക്കിംഗ് കൺഫേം ആയ യാത്രക്കാരെയാണ് ഈ വിമാനങ്ങളിൽ ഉൾപ്പെടുത്തുക. പുതിയ ടിക്കറ്റുകൾ etihad.com വഴി ലഭ്യമാണ്. ഇത്തിഹാദിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചവരോ കൺഫേം ആയ ടിക്കറ്റ് ഉള്ളവരോ അല്ലാതെ മറ്റാരും വിമാനത്താവളത്തിലേക്ക് പോകരുതെന്ന് എയർലൈൻ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്.
എല്ലാ സർവീസുകളും പ്രവർത്തനാനുമതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും എത്തിഹാദിൻ്റെ അറിയിപ്പിൽ പറയുന്നുണ്ട്. വ്യോമപാതയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഷെഡ്യൂളുകളിൽ മാറ്റം വരും എന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എത്തിഹാദ് സർവീസുകൾ നടത്തുകയുള്ളൂ എന്നും എയർലൈൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. യാത്രക്കാരെ വിമാനത്തിന്റെ നിലവിലെ സ്ഥിതിയും മറ്റ് ഓപ്ഷനുകളും അറിയിക്കാൻ എത്തിഹാദ് നേരിട്ട് ബന്ധപ്പെടും.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- യാത്രയ്ക്ക് മുൻപായി etihad.com സന്ദർശിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.
- ബുക്കിംഗിലെ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
- 2026 ഫെബ്രുവരി 28-നോ അതിന് മുൻപോ ടിക്കറ്റ് എടുത്തവർക്കും മാർച്ച് 21 വരെയുള്ള തീയതികളിൽ യാത്ര നിശ്ചയിച്ചവർക്കും 2026 മെയ് 15 വരെയുള്ള പുതിയ തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാൻ സാധിക്കും.
- ഫണ്ട് ആവശ്യമുള്ളവർ എത്തിഹാദിൻ്റെ ഒഫീഷ്യൽ സൈറ്റ് വഴിയോ ട്രാവൽ ഏജന്റ് വഴിയോ അപേക്ഷിക്കണം.
കൂടുതൽ ആളുകൾ വിളിക്കുന്നതിനാൽ ഫോൺ ലൈനുകളിൽ കാലതാമസം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ ബുക്കിംഗിൽ മാറ്റം വരുത്തുന്നതിനും റീഫണ്ടിനും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ല മാർഗം. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് ശ്രദ്ധിക്കണമെന്നും എയർലൈൻ പറയുന്നുണ്ട്.


