Sri lankan crisis : സ്ഥാനമേറ്റ് 24 മണിക്കൂർ; ശ്രീലങ്കയിൽ പുതിയ ധനമന്ത്രി രാജിവച്ചു

Published : Apr 05, 2022, 05:44 PM IST
Sri lankan crisis : സ്ഥാനമേറ്റ് 24 മണിക്കൂർ; ശ്രീലങ്കയിൽ പുതിയ ധനമന്ത്രി രാജിവച്ചു

Synopsis

Sri lankan crisis  ശ്രീലങ്കയിൽ (sri lanka)  അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ചൊവ്വാഴ്ച സബ്രി രാജി സമർപ്പിച്ചത്. 

കൊളംബോ: ശ്രീലങ്കയിൽ (sri lanka)  അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ചൊവ്വാഴ്ച സബ്രി രാജി സമർപ്പിച്ചത്.  പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ സഹോദരന്‍ ബസില്‍ രജപക്‌സയെ മാറ്റി ധനമന്ത്രിയായി നിയമിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് സബ്രിയുടെ രാജി.

നിലവിലെ സ്ഥിതി പഠിച്ച ശേഷം,  മുമ്പില്ലാത്ത പ്രതിസന്ധി മറികടക്കാൻ പുതിയ ധനമന്ത്രിയെ നിയമിക്കണമെന്ന് പ്രസിഡന്റിന് സമർപ്പിച്ച കത്തിൽ സബ്രി ആവശ്യപ്പെട്ടു. നിയമവകുപ്പ് രാജവച്ച ശേഷം മറ്റൊരു മന്ത്രി സ്ഥാനത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ പാർലമെന്ററി ജനാധിപത്യം  നിലനിർത്താനും സംവിധാനങ്ങൾ അതേപടി തുടരാനുമാണ് ധനമന്ത്രിയായി ചുമതലയേറ്റത് എന്നും രാജിക്ക് ശേഷംഅദ്ദേഹം പ്രതികരിച്ചു.

അതേസമയം ശ്രീലങ്കയിൽപ്ര​​ക്ഷോഭംകനത്തു. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ തെരുവുകളിൽ പ്രതിഷേധം ആളിക്കത്തി. തെരുവിലിറങ്ങിയ ജനം പലയിടത്തും പ്രതിഷേധം കടുപ്പിച്ചു . പല സ്ഥലങ്ങളിലും തീയിട്ടു, നെഗോമ്പോ പട്ടണത്തിൽ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു.മുൻ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി. ഇതിനിടെ സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. 

ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്. തലസ്ഥാനമായ കൊളംബോയില്‍ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് ജനങ്ങള്‍ക്കെതിരെ നടപടി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.

ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. 

അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാന്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഐഎംഎഫിന്റെ ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്. 

ശ്രീലങ്കയെ തകർത്തത് നിയന്ത്രണങ്ങളില്ലാതെ എടുത്ത വിദേശ വായ്പകൾ; ജിഡിപിയുടെ സിംഹഭാഗവും ലോണടക്കാൻ മാറ്റുന്നു

ശ്രീലങ്ക: അടിസ്ഥാന സൗകര്യ വികസനത്തിനായി(infrastructure development) യാതൊരു നിയന്ത്രണവും ഇല്ലാതെ എടുത്തുകൂട്ടിയ വിദേശ വായപ്പകളാണ്(foreign loans) ശ്രീലങ്കയിലെ സാന്പത്തിക പ്രതിസന്ധിക്കുള്ള(financial  crisis) പ്രധാന കാരണം. മഹീന്ദ രജപക്സെ പ്രസിഡന്റായ കാലം തൊട്ട് 2019 വരെ, പന്ത്രണ്ട് ബില്യൻ യുഎസ് ഡോളറാണ് ചൈന, ലങ്കയിൽ നിക്ഷേപിച്ചത്. പദ്ധതികളിൽ നിന്ന് പ്രതീക്ഷിച്ച നേട്ടം കിട്ടാതിരിക്കുകയും കരുതൽ ധനം കാലിയാവുകയും ചെയ്തതോടെ ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വരുമാനത്തിന്റെ 83 ശതമാനവും തിരിച്ചടവുകൾക്കായി ചെലവഴിക്കേണ്ടി വന്നതോടെ സാമ്പത്തിക തകർച്ച പൂ‍‍ർണമായി.

കൊളമ്പോ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രീലങ്ക ഒരു വികസിത രാജ്യം ആണെന്ന് തോന്നിപ്പോകും. ഇരു വശത്തും ആകാശം മുട്ടേയുള്ള കെട്ടിടങ്ങൾ. മികച്ച റോഡുകൾ, പാലങ്ങൾ, പവർ പ്ലാന്റുകൾ പാർക്കുകൾ,തുറമുഖങ്ങൾ, 2000 മുതലാണ് ശ്രീലങ്ക അടിസ്ഥാന സൌകര്യത്തിൽ ഊന്നൽ നൽകിയുള്ള വികസന നയം സ്വീകരിക്കുന്നത്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും രാജ്യം പുരോഗതിയിലേക്ക് കുതിക്കും എന്നുമായിരുന്നു പ്രഖ്യാപനം. 

പദ്ധതികൾക്കെല്ലാം കയ്യയച്ച് കടം നൽകിയതാകട്ടെ ചൈനയും. മഹീന്ദ രജപക്സെ പ്രസിഡന്റായ കാലം തൊട്ട് 2019 വരെ പന്ത്രണ്ട് ബില്യൻ യുഎസ് ഡോളറാണ് ചൈന ലങ്കയിൽ നിക്ഷേപിച്ചത്.1.4 ബില്യൻ ചെലവഴിച്ചുള്ള കൊളമ്പോ പോർട്ട് സിറ്റിയാണ് ഇതിൽ ഭീമൻ പദ്ധതി. സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ മനസിലാക്കാതെയും പ്രോജക്ടുകൾ ലാഭകരമാകുമോ എന്ന് പഠിക്കാതെയും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ വിനയായി. 2018 ഓടെ കടം 5 ബില്യൻ ഡോളറിന് മുകളിലേക്ക് ഉയർന്നു. 6.5 എന്ന ശതമാനം എന്ന കൂടിയ പലിശയക്കാണ് ചൈനയുടെ ലോണുകളെന്നതും ചേർത്ത് വായിക്കണം.

ആവശ്യത്തിന് കരുതൽ ധനമുണ്ടെന്ന് സെൻട്രൽ ബാങ്ക് പറയുന്നത് പൊള്ളയായ അവകാശവാദമാണ്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ ഡോള‍ർ രാജ്യത്തില്ല. തെറ്റായ സാമ്പത്തീക നയങ്ങളാണ് കാര്യങ്ങൾ വഷളാക്കിയത്. ചൈനയുടെ സാമ്പത്തീക സഹായത്തോടെ നിർമ്മിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും പത്ത് പൈസയുടെ ഉപകാരം ഈ കൂറ്റൻ നിർമ്മിതികൊണ്ട് ഉണ്ടായില്ല. ലോട്ടസ് ടെവർ ഒരു ചിന്ന സാമ്പിൾ, ഹമ്പൻടോട്ട തുറമുഖമൊക്കെ അതുക്കും മേല

ഇന്ന് ശ്രീലങ്കയ്ക്ക് അവരുടെ അവരുടെ ജിഡിപിയുടെ സിംഹഭാഗവും ലോണടക്കാൻ മാറ്റിവെക്കേണ്ടി വരുന്നു. കടം കൊടുക്കൽ ശ്രീലങ്കയുടെ തുറമുഖങ്ങൾ ഉൾപെടെയുള്ള തന്ത്രപ്രധാനമായ നിർമ്മിതികൾ സ്വന്തമാക്കാനുള്ള ചൈനയുടെ ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നവരും ഉണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഹങ്കാരികളായ ഭരണാധികാരികളെ കാത്തിരിക്കുന്നത് പതനം, ട്രംപിന് മുന്നറിയിപ്പുമായി ഖമേനി; ഇറാനിൽ വിചാരണയും ഇന്റർനെറ്റ് നിരോധനവും
'പാകിസ്ഥാൻ പ്രാർത്ഥിക്കുന്നു, അമേരിക്ക ആ ഭരണാധികാരിയെ തട്ടിക്കൊണ്ടുപോകണം'; പാക് പ്രതിരോധ മന്ത്രിയുടെ വിവാദ പരാമർശം