ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകണമെന്ന് ആഹ്വാനം ചെയ്തു. ഒരു ടെലിവിഷൻ അഭിമുഖത്തിൽ, ഗാസയിലെ ക്രൂരതകൾക്ക് നെതന്യാഹുവിനെ കുറ്റവാളിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അമേരിക്കയോ തുർക്കിയോ ഈ ദൗത്യം ഏറ്റെടുക്കണമെന്നും പറഞ്ഞു.

ഇസ്ലമാബാദ്: പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവജ ആസിഫ് വീണ്ടും വിവാദത്തിൽ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകണമെന്ന് പാക് പ്രതിരോധ മന്ത്രി ഖവജ ആസിഫിന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതുപോലെ, അമേരിക്ക നെതന്യാഹുവിനെയും പിടികൂടണമെന്നായിരുന്നു പരാമർശം. കഴിഞ്ഞ വ്യാഴാഴ്ച ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശങ്ങൾ.

അമേരിക്കയല്ലെങ്കിൽ, തുർക്കി നെതന്യാഹുവിനെ തട്ടിക്കൊണ്ട് പോകണം. പാകിസ്ഥാൻ അതിന് വേണ്ടി പ്രാർത്ഥിക്കുന്നു. നെതന്യാഹുവിനെ മനുഷ്യത്വം തീരെയില്ലാത്ത കുറ്റവാളിയെന്ന് ആസിഫ് വിശേഷിപ്പിച്ചു. ചരിത്രത്തിൽ മറ്റൊരാളും കാണിക്കാത്ത ക്രൂരതയാണ് ഗാസയിലെ പലസ്തീനികളോട് ഇസ്രായേൽ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുർക്കിയും നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകാൻ തയ്യാറാകണമെന്നും, ഇതിനായി പാകിസ്ഥാനികൾ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം കുറ്റവാളികളെ സഹായിക്കുന്നവർക്കെതിരെയുള്ള നിയമം എന്താണെന്ന് ആസിഫ് ചോദിച്ചപ്പോൾ, അത് നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ദേശിച്ചുള്ളതാണെന്ന് തിരിച്ചറിഞ്ഞ അവതാരകൻ ഹാമിദ് മീർ ഉടൻ തന്നെ ഇടപെട്ടു. തുടർന്ന് ഒരു ബ്രേക്ക് എടുക്കുകയും ആസിഫിനെ ചർച്ചയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.