
കൈവ്: നിരായുധനായ യുക്രൈൻ പൗരനെ കൊലപ്പെടുത്തിയതിന് റഷ്യൻ സൈനികനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് യുക്രൈൻ കോടതി. ഫെബ്രുവരി 28 ന് വടക്കുകിഴക്കൻ യുക്രൈനിയൻ ഗ്രാമമായ ചുപഖിവ്കയിൽ 62 കാരനായ മനുഷ്യനെ വെടിവച്ച് കൊലപ്പെടുത്തിയതിനാണ് 21 കാരനായ ടാങ്ക് കമാൻഡർ വാഡിം ഷിഷിമാരിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വാഡിം ഷിഷിമാരിൻ കുറ്റം സമ്മതിച്ചിരുന്നു. ഒലെക്‌സാണ്ടർ ഷെലിപോവ് എന്നയാളെയാണ് കമാൻഡർ വെടിവച്ച് കൊന്നത്.
തിങ്കളാഴ്‌ച, തിങ്ങിനിറഞ്ഞ കോടതിമുറിയിൽ ജഡ്ജി സെർഹി അഹഫോനോവ് വിധി പ്രസ്താവിച്ചു, ചെറിയ മുറിയിൽ പത്തിലേറെ യുക്രൈനിയൻ, വിദേശ ടെലിവിഷൻ മാധ്യമങ്ങൾ നിറഞ്ഞിരുന്നു. ഷിഷിമാരിൻ അന്വേഷണത്തോട് സഹകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും, ഷെലിപോവിനെ വെടിവെച്ചപ്പോൾ കൊല്ലാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന മൊഴി കോടതിക്ക് അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി പറഞ്ഞതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നിരവധി യുദ്ധക്കുറ്റ കേസുകളിൽ ആദ്യത്തേതിലാണ് ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട 40 ലധികം കേസുകൾ ഉടൻ വിചാരണയ്ക്ക് വരാൻ തയ്യാറെടുക്കുകയാണെന്ന് യുക്രൈനിന്റെ പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനിഡിക്റ്റോവ പറഞ്ഞു. കൂടാതെ രാജ്യത്തുടനീളം പതിനായിരത്തിലധികം യുദ്ധക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് യുക്രൈനിയൻ അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam