
അബുദാബി: അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഉണ്ടായ ഡ്രോൺ ആക്രമണവും തുടർന്നുണ്ടായ തീപിടിത്തവും പ്ലാന്‍റിന്‍റെ സുരക്ഷാ മാനദണ്ഡങ്ങളെ ബാധിച്ചിട്ടില്ലെന്നും റേഡിയേഷൻ ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. ആണവനിലയത്തിന്റെ സുരക്ഷയെയോ അതിന്‍റെ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തന സജ്ജതയെയോ ഈ തീപിടിത്തം ബാധിച്ചിട്ടില്ലെന്ന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ സ്ഥിരീകരിച്ചു.
ഞായറാഴ്ചയാണ് അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന ബറാക്ക ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക് ജനറേറ്ററിൽ ഡ്രോൺ പതിച്ച് തീപിടിത്തമുണ്ടായത്. ആണവനിലയത്തിന്റെ ഉൾഭാഗത്തെ അതീവ സുരക്ഷാവേലിക്ക് പുറത്താണ് സംഭവം നടന്നതെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നിലയത്തിലെ എല്ലാ യൂണിറ്റുകളും പതിവുപോലെ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും, വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം ജനങ്ങൾ ആശ്രയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ യുഎഇയിലെ പല തന്ത്രപ്രധാന കേന്ദ്രങ്ങളും തുടർച്ചയായി ലക്ഷ്യമിടുന്നുണ്ട്. എണ്ണ-വാതക പ്ലാന്‍റുകൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, ജനവാസ മേഖലകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് നേരെ നേരത്തെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു ആണവനിലയത്തിന് തൊട്ടടുത്തേക്ക് ഡ്രോൺ പതിയുന്നത് ഇതാദ്യമായാണ് എന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
യുഎഇയുടെ ഊർജ്ജ മേഖലയുടെ നട്ടെല്ലാണ് ബറാക്ക ന്യൂക്ലിയർ പ്ലാന്‍റ്. 2025 സെപ്റ്റംബറിലാണ് ഈ പ്ലാന്‍റിലെ നാല് റിയാക്ടറുകളും പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം തികച്ചത്. യുഎഇക്ക് ആവശ്യമുള്ള ആകെ വൈദ്യുതിയുടെ 25 ശതമാനവും (നാലിലൊന്ന്) ഉത്പാദിപ്പിക്കുന്നത് ഈ ഒറ്റ നിലയത്തിൽ നിന്നാണ്. കാർബൺ രഹിത ഊർജ്ജ നിർമ്മാണത്തിലൂടെ രാജ്യത്തിന്‍റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്ന പ്രധാന തൂണാണിത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അതീവ നിരീക്ഷണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam