
ടെന്നസി: നായ അബദ്ധത്തിൽ വെടിയുതിർത്തു. വീട്ടുകാരന് ഗുരുതരപരിക്ക്. അമേരിക്കയിലെ ടെന്നസിയിലാണ് പിറ്റ്ബുൾ ഉടമയ്ക്ക് ഗുരുതരാവസ്ഥയിലെത്താൻ കാരണമായത്. കിടക്കയിൽ തോക്കുമായി കിടന്ന യുവതിയുടെ ദേഹത്തേക്ക് നായ ചാടി വീണതോടെയാണ് തോക്കിൽ നിന്ന് വെടിയുതിർന്നത്. ഇടതു തുടയിലൂടെ വെടിയുണ്ട കടന്നുപോവുകയായിരുന്നു.
ഒരു വയസ് പ്രായമുള്ള പിറ്റ്ബുൾ ഓറിയോ ആണ് ഉടമയ്ക്ക് വെടിയേൽക്കാൻ കാരണമായത്. തോക്കിന്റെ ട്രിഗറിലേക്കായിരുന്നു നായ ചാടി വീണത്. ജെറാൾഡ് കിർക്ക്വുഡ് എന്ന യുവാവിനാണ് വെടിയേറ്റത്. യുവാവിനൊപ്പമുണ്ടായിരുന്ന യുവതി വെടി പൊട്ടിയതിന് പിന്നാലെ വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. തോക്കും യുവതി കൊണ്ടുപോയതായാണ് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. പിന്നാലെ യുവാവ് തന്നെയാണ് പൊലീസ് സഹായം തേടിയത്. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
പിന്നീട് പൊലീസ് യുവതിയുമായി ബന്ധപ്പെട്ടതോടെ ഓറിയോ കിടക്കയിലും മറ്റും ചാടിക്കയറാൻ താൽപര്യമുള്ള നായയാണെന്നാണ് യുവതി വിശദമാക്കുന്നത്. രണ്ട് തവണയാണ് വെടിയുതിർന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. വീട്ടിനുള്ളിൽ തോക്ക് സൂക്ഷിക്കുമ്പോൾ സേഫ്റ്റി ലോക്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യം മുന്നോട്ട് വയ്ക്കുന്നതാണ് നിലവിലെ സംഭവം.
അമേരിക്കയിൽ സുരക്ഷിതമല്ലാത്ത തോക്ക് ഉപയോഗം മൂലം അപകടം ഉണ്ടാവുന്ന സംഭവങ്ങൾ ഏറെയാണെന്നാണ് വിവിധ എൻജിഒകളുടെ കണക്ക് വിശദമാക്കുന്നത്. 340 ദശലക്ഷം ആളുകൾക്ക് അമേരിക്കയിൽ ലൈസൻസുള്ള തോക്കുള്ളതായാണ് 2018ൽ പുറത്ത് വന്ന പഠനത്തെ ആസ്പദമാക്കി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആദ്യമായല്ല വളർത്തുമൃഗങ്ങൾ ഉടമകളെ അബദ്ധത്തിൽ വെടിവയ്ക്കുന്നത്. 2018ൽ അമേരിക്കയിലെ ലോവയിൽ പിറ്റ്ബുൾ ലാബ് മിക്സ് ബ്രീഡായ വളർത്തുനായ ബാലീ ഉടമയെ വെടിവച്ചിരുന്നു. 2019ൽ ലൂസിയാന സർവ്വകലാശാല മുൻ ഫുട്ബോൾ താരത്തിനും തന്റെ വളർത്തുനായയിൽ നിന്ന് വെടിയേറ്റിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം