അദാനി വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്തു; ഓസ്ട്രേലിയയില്‍ ഫ്രഞ്ച് വാര്‍ത്ത സംഘത്തെ അറസ്റ്റ് ചെയ്തത് വിവാദത്തില്‍

By Web TeamFirst Published Jul 24, 2019, 6:06 PM IST
Highlights

ഫ്രാന്‍സിലെ പൊതുമേഖല ടെലിവിഷന്‍ ചാനലായ ഫ്രഞ്ച് 2 ന്‍റെ വാര്‍ത്ത സംഘത്തെ അബോട്ട് പൊയന്‍റിലെ അദാനി വിരുദ്ധ സമര കേന്ദ്രത്തില്‍ നിന്നും തിങ്കളാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

സിഡ്നി: ഓസ്ട്രേലിയയിലെ വടക്കന്‍ ക്യൂന്‍സ്ലാന്‍റില്‍ അദാനിഗ്രൂപ്പിന്‍റെ കല്‍ക്കരി പദ്ധതിക്കെതിരെ നടക്കുന്ന സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഫ്രഞ്ച് മാധ്യമ സംഘത്തെ അറസ്റ്റ് ചെയ്തത് വിവാദമാകുന്നു. വിദേശ ലേഖകരുടെ ഓസ്ട്രേലിയന്‍ സൗത്ത് പസഫിക്ക് സംഘടന (എഫ.സി.എ) വളരെ മോശവും, അപകടകരമായ പ്രവര്‍ത്തനവുമാണ് ഇതെന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. 

ഫ്രാന്‍സിലെ പൊതുമേഖല ടെലിവിഷന്‍ ചാനലായ ഫ്രഞ്ച് 2 ന്‍റെ വാര്‍ത്ത സംഘത്തെ അബോട്ട് പൊയന്‍റിലെ അദാനി വിരുദ്ധ സമര കേന്ദ്രത്തില്‍ നിന്നും തിങ്കളാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ക്യൂന്‍സ്ലാന്‍റ് പൊലീസ് ചുമത്തിയിരിക്കുന്നത്.

എന്നാല്‍ രണ്ട് പ്രക്ഷോഭകാരികള്‍ സ്വയം വിലങ്ങാല്‍ ഒരു കോണ്‍ക്രീറ്റ് ബാരലിന് ബന്ധിച്ച് നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഫ്രഞ്ച് മാധ്യമം പകര്‍ത്തിയത് എന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഇതെന്നാണ് എഫ്.സി.എ നടത്തിയ പ്രസ്താവനയില്‍ പറയുന്നത്. ഓസ്ട്രേലിയയുടെ തിലകമായിരുന്ന ആധുനിക ജനധിപത്യത്തിന് തന്നെ ഭീഷണിയാണ് സംഭവം എന്നും എഫ്.സി.എ കുറ്റപ്പെടുത്തുന്നു. 

ഓസ്ട്രേലിയന്‍ സര്‍ക്കാറും, പ്രദേശിക ഭരണകൂടവും, പൊലീസും ഇത്തരം ഒരു കാര്യം വീണ്ടും ആവര്‍ത്തിക്കില്ലെന്നും ഉറപ്പുവരുത്തണമെന്നും എഫ്.സി.എ ആവശ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് മീഡിയ യൂണിയന്‍ പ്രസിഡന്‍റ് മാര്‍ക്കസ് സ്ട്രോം പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ക്യൂന്‍സ്ലാന്‍റ് പൊലീസ് തയ്യാറായില്ല. അനധികൃതമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും കോടതിയില്‍ എത്തും. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് പൊലീസ് പറയുന്നു. 

click me!