നരബലി നല്‍കിയെന്ന് വ്യാജ അഭ്യൂഹം: ബംഗ്ലാദേശില്‍ എട്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു

By Web TeamFirst Published Jul 24, 2019, 5:30 PM IST
Highlights

നെട്രോകോനയില്‍ ഒരു യുവാവ് കുട്ടിയുടെ ഛേദിക്കപ്പെട്ട തലയുമായി പോകുന്നത് കണ്ടുവെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സംഘടിച്ചത്.

ധാക്കാ: പാലം പണിക്ക് വേണ്ടി കുട്ടികളെ നരബലി നല്‍കിയെന്ന് അഭ്യൂഹത്തിന്‍റെ പേരില്‍ സംഘടിച്ച ജനക്കൂട്ടം എട്ടുപേരെ തല്ലിക്കൊന്നു. ബംഗ്ലാദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഗംഗയുടെ പോഷക നദിയായ പദ്മ നദിക്കു കുറുകെ 300 കോടി ഡോളര്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പാലത്തിനായി മനുഷ്യരുടെ തലകള്‍ വേണമായിരുന്നുവെന്നും അതിനായി കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ബലി കൊടുത്തുവെന്നായിരുന്നു പ്രചാരണം. 

നെട്രോകോനയില്‍ ഒരു യുവാവ് കുട്ടിയുടെ ഛേദിക്കപ്പെട്ട തലയുമായി പോകുന്നത് കണ്ടുവെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സംഘടിച്ചത്. വാട്ട്സ്ആപ്പ് പോലുള്ള സന്ദേശ കൈമാറ്റ ആപ്പുകള്‍ വഴിയാണ് സന്ദേശം പ്രചരിച്ചത്. ജനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. ശനിയാഴ്ചയാണ് ധാക്ക സ്‌കൂളിനു മുന്നിലിട്ട് തസ്ലിമ ബീഗം എന്ന സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്നത്. രണ്ടു കുട്ടികളുടെ അമ്മയാണ് ഇവര്‍. 

നഗരത്തിനു പുറത്തുവച്ചാണ് ബധിരനായ ഒരാളെ ജനക്കൂട്ടം കൊലപ്പെടുത്തിയത്. മകളെ കാണാന്‍ എത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആരും തന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോയവരല്ലെന്നും പോലീസ് ചീഫ് ജാവേദ് പട്‌വാരി പറഞ്ഞു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 60 ഓളം ഫേസ്ബുക്ക് പേജുകളും 25 യു ട്യൂബ് ചാനലുകളും 10 വെബ്‌സൈറ്റുകളും സര്‍ക്കാര്‍ പൂട്ടിച്ചു. സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

സമൂഹ്യ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അഞ്ചു പേരെ അറസ്റ്റു ചെയ്തതായും തസ്ലിമ ബീഗത്തെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പേരും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 

click me!