
അഫ്ഗാനിസ്താനില്‍ നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പെണ്‍കുട്ടി നടത്തിയ ഒളിച്ചോട്ടം സമാനതകള്‍ ഇല്ലാത്തതാണ്. തന്റെ ഗ്രാമത്തില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ ഒരു ടാക്‌സിയില്‍ സഞ്ചരിച്ചാണ് അവള്‍ തലസ്ഥാനമായ കാബൂളില്‍ എത്തിയത്. അതും തന്റെ കസിന്‍ ആയ യുവതിക്കൊപ്പം.
പുരുഷന്‍മാരായ ബന്ധുക്കളുടെ തുണയില്ലാതെ സ്ത്രീകള്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്നത് അഫ്ഗാനില്‍ താലിബാന്‍ വിലക്കിയിട്ടുണ്ട്. ഏത് സമയവും താലിബാന്‍ പരിശോധനകരുടെ പിടിയില്‍ പെടും. ജീവന്‍ കൈയില്‍പിടിച്ചാണ്, തുടര്‍ന്ന് പഠിക്കുക എന്ന ഒറ്റ ആഗ്രഹവുമായി അവള്‍ അങ്ങേയറ്റം അപകടം നിറഞ്ഞ ആ യാത്ര ചെയ്തത്. ഭാഗ്യത്തിന് താലിബാന്റെ പിടിയില്‍ പെടാതെ അവര്‍ സുരക്ഷിതമായി കാബൂളില്‍ എത്തി.
ബിബിസിയാണ്, പേരുവിവരങ്ങള്‍ മറച്ചുവെച്ച്, അതിസാഹസികമായ അവളുടെ യാത്ര റിപ്പോര്‍ട്ട് ചെയ്ത്.
ദയ്കുന്ദി ഗ്രാമത്തിലുള്ള ഒരു 19 വയസ്സുകാരിയാണ് നിര്‍ബന്ധിത വിവാഹത്തില്‍നിന്ന് രക്ഷപ്പെടാന്‍ നാടുവിട്ടത്. 'കൂട്ടുകാരെയും പഴയ സഹപാഠികളെയും കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പക്ഷേ അത് സത്യമായിരുന്നില്ല. അങ്ങനെയാരും എനിക്കില്ലായിരുന്നു. വീട്ടില്‍ നിന്നാല്‍, അവര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കും. അതായിരുന്നു യഥാര്‍ത്ഥ കാരണം.'-ബിബിസി ലേഖികയോട് അവള്‍ പറഞ്ഞു.
ഇപ്പോള്‍ കാബൂളിലാണ് അവളുള്ളത്. ഇവിടെ ഒരു ഇംഗ്ലീഷ് ഭാഷാ കോഴ്‌സില്‍ ചേര്‍ന്നു. അഫ്ഗാനിസ്താനില്‍ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നാണ് ചുരുങ്ങിയ കാലയളവിലേക്കുള്ള ഇത്തരം സ്വകാര്യ കോഴ്‌സുകള്‍. മദ്രസകള്‍ മാത്രമാണ് ഇതല്ലാത്ത പോംവഴി. കുടുംബത്തിന് സാമ്പത്തിക ശേഷി ഉള്ളതു കൊണ്ടുമാത്രമാണ് അവള്‍ക്ക് ഈ അവസരം കിട്ടിയത്. വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്നെങ്കിലും, പഠിക്കാനുള്ള സഹായം വീട്ടുകാര്‍ തന്നെയാണ് നല്‍കുന്നത്. മകള്‍ പഠിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് ആഗ്രഹമുണ്ടായിട്ടും താലിബാന്‍ ചുമത്തിയ നിയമങ്ങള്‍ കാരണം, അവളെ കല്യാണം കഴിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു കുടുംബം.
12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് താലിബാന്‍ വിലക്കിയിട്ട് അഞ്ച് വര്‍ഷമായി. താല്‍ക്കാലിക വിലക്ക് ആണിതെന്ന് ആവര്‍ത്തിക്കുമ്പോഴും പഠിക്കാനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. അടുത്തൊന്നും ഇത് മാറാന്‍ സാധ്യതയില്ല എന്നതാണ് താലിബാനില്‍നിന്നു തന്നെ ലഭിക്കുന്ന വിവരം.
പഠനം അവസാനിക്കുകയും സാമൂഹ്യമായ ഇടപെടലുകള്‍ ഇല്ലാതാകുകയും ചെയ്തതോടെ അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ഒരേയൊരു സാധ്യത മാത്രമേയുള്ളൂ-വിവാഹം. അതിനാല്‍, താല്‍പ്പര്യമില്ലെങ്കിലും വീട്ടുകാര്‍ പെണ്‍കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഈ പെണ്‍കുട്ടിയും നാടുവിട്ടത്.
പഠിക്കുന്നത് കുടുംബത്തിന് ഇഷ്ടമല്ലാത്തതുകൊണ്ടല്ല ഈ പെണ്‍കുട്ടി നാടുവിട്ടത്. അവള്‍ കാബൂളില്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം അവര്‍ അംഗീകരിക്കുന്നുണ്ട്. അവളുടെ ഇംഗ്ലീഷ് കോഴ്‌സിനുള്ള പണം നല്‍കുകയും ചെയ്യുന്നുണ്ട്. 'വിലക്ക് വരുന്നതിന് മുന്‍പ്, സ്‌കൂളില്‍ പോകാന്‍ എന്റെ മാതാപിതാക്കള്‍ എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു പൈലറ്റ് ആകണമെന്നായിരുന്നു എന്റെ സ്വപ്നം. അതിന് കഴിയുമെന്ന് അവര്‍ എന്നോട് പറയുമായിരുന്നു. ഇപ്പോള്‍ അവര്‍ പറയുന്നത് എനിക്ക് സ്‌കൂളിലോ സര്‍വ്വകലാശാലയിലോ പോകാന്‍ കഴിയില്ലെന്നാണ്. ജോലി ചെയ്യാന്‍ പോലും കഴിയില്ല. അതിനാല്‍, ഏറ്റവും നല്ല വഴി വിവാഹം കഴിക്കുകയാണെന്നാണ്.'-പെണ്‍കുട്ടി ബിബിസിയോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam