
കുടുംബത്തിലെ ബാക്കിയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഒന്‍പത് വയസുകാരിയെ വില്‍ക്കേണ്ടി വന്ന അവസ്ഥയില്‍ ഒരു പിതാവ്. അഫ്ഗാനിസ്ഥാനില്‍ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ ദാരുണാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുന്നതാണ് സംഭവം. താലിബാന്‍ ഭരണത്തിന് കീഴില്‍ പല ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായുള്ള ക്യാപിലാണ് ഒന്‍പതുവയസുകാരിയായ പര്‍വാന മാലികും കുടുംബവും കഴിഞ്ഞിരുന്നത്. എട്ടംഗ കുടുംബത്തിന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ വന്നതോടെയാണ് ഒന്‍പതുവയസുകാരിയെ പിതാവ് അബ്ദുള്‍ മാലിക് വിറ്റതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിലെ ബദ്ഗിസ് പ്രവിശ്യയിലെ ക്യാംപിലാണ് സംഭവം. കഴിഞ്ഞ മാസമാണ് ഒന്‍പതുവയസുകാരിയെ 55 കാരന് വിവാഹം ചെയ്യാനായി വിറ്റതെന്നാണ് ഈ പിതാവ് സിഎന്‍എന്നിനോട് വിശദമാക്കിയത്. താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷം ജോലി നഷ്ടമായെന്നും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ഭക്ഷണം അടക്കമുള്ള ആവശ്യങ്ങള്‍ക്കുള്ള പണം പോലും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ഈ പിതാവ് പറയുന്നു. 12 വയസുകാരിയായ മറ്റൊരു മകളേയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വില്‍ക്കേണ്ടി വന്നതായും അബ്ദുള്‍ മാലിക് പ്രതികരിച്ചു. നിരാശയും നാണക്കേടിലും കുറ്റബോധത്തിലും തലപോലും ഉയര്‍ത്താനാവാത്ത നിലയിലാണ് ഈ പിതാവുള്ളതെന്നാണ് റിപ്പോര്‍ട്ട്.
പഠിച്ച് ടീച്ചറാവണമെന്ന ആഗ്രഹം പര്‍വാന പ്രകടിപ്പിച്ചിരുന്നതായും ഈ പിതാവ് പറയുന്നു. 55കാരനൊപ്പം പോകേണ്ടി വരുന്നതിനെ പര്‍വാന ഭയക്കുന്നതായും അയാള്‍ മര്‍ദ്ദിക്കുമോയെന്ന ഭയമുണ്ടെന്നും പര്‍വാന സിഎന്‍എന്നിനോട് പ്രതികരിച്ചത്. രണ്ട് ലക്ഷം അഫ്ഗാനി വിലവരുന്ന ആട്ടിന്‍ പറ്റത്തേയും ഭൂമിയും പണവുമാണ് പര്‍വാനയ്ക്ക് പകരമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മകളെ അടിക്കരുതെന്ന ഒരു ആവശ്യമാണ് വാങ്ങിയ ആളോട് അബ്ദുള്‍ മാലിക് പറഞ്ഞത്. സമാനമായ മറ്റൊരു സംഭവത്തില്‍ ഗോര്‍ പ്രവിശ്യയില്‍ വായ്പ വാങ്ങിയ പണത്തിന് പകരമായി പത്ത് വയസുകാരിയായ മകളേയാണ് ഒരു കുടുംബത്തിന് നല്‍കേണ്ടി വന്നത്.
37,000 രൂപയ്ക്ക് പിഞ്ചുമകളെ വില്‍ക്കേണ്ടി വന്ന അമ്മ, പട്ടിണിമരണങ്ങള്‍, ദുരന്തമൊഴിയാതെ അഫ്ഗാനിസ്ഥാന്‍
കൌമാരക്കാരായ പെണ്‍കുട്ടികളുടെ ജീവിതം ഏറെ ദുഷ്കരമാവുമെന്ന് വ്യക്തമാക്കുന്നതാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ പോയിരുന്ന സമയത്ത് അവരെ മറ്റുള്ളവരുടെ കണ്ണില്‍ നിന്ന് പൊതിഞ്ഞു സംരക്ഷിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ പഠനം നിര്‍ത്തേണ്ടി വന്നതോടെ പെണ്‍കുട്ടികളുടെ കാര്യം കഷ്ടത്തിലായെന്നുമാണ് ചില രക്ഷിതാക്കള്‍ പറയുന്നത്. വളരെ ചെറിയ പ്രായത്തിലേ പെണ്‍മക്കളെ വിവാഹിതരാക്കേണ്ടി വരുന്ന ഗതികേടിലാണ് രക്ഷിതാക്കളുള്ളത്. ഓഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. കടുത്ത സാമ്പത്തിക ഞെരുക്കത്തിലായ അഫ്ഗാനിസ്ഥാനിലുടനീളം പട്ടിണിയും ദാരിദ്രവുമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാൻ അധികാരത്തിൽ കയറിയതിനെ ശേഷം വിദേശ ഫണ്ടുകൾ നിലച്ചതും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്.
തൊഴിലാളികൾക്ക് ശമ്പളമില്ല. ബിസിനസുകൾ അടച്ചുപൂട്ടുന്നു. അതിജീവിക്കാനായി കുടുംബങ്ങൾ അവരുടെ സ്വന്തമായതെല്ലാം, കുട്ടികൾ ഉൾപ്പെടെ വില്‍ക്കേണ്ട അവസ്ഥയിലേക്കാണ് അഫ്ഗാനിസ്ഥാന്‍ നീങ്ങുന്നത്. രാജ്യത്തെ ഏകദേശം 22.8 ദശലക്ഷം ആളുകൾ വരും മാസങ്ങളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം മരണപ്പെടുമെന്നും, ഒരു ദശലക്ഷം കുട്ടികൾ ചികിത്സയില്ലാതെ മരിക്കാനുള്ള സാധ്യതയുണ്ടെന്നും വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചിത്രത്തിന് കടപ്പാട് CNN
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam