സമാധാന ശ്രമം; 2000 താലിബാന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാന്‍

By Web TeamFirst Published May 25, 2020, 8:24 PM IST
Highlights

സമാധാന ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.  താലിബാനുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്നും പ്രസിഡന്റ് അറിയിച്ചു.
 

കാബൂള്‍: 2000 താലിബാന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവ് അറിയിച്ചു. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് താലിബാന്റെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. താലിബാനുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്നും പ്രസിഡന്റ് അറിയിച്ചു. 

ഫെബ്രുവരിയില്‍ യുഎസും താലിബാനും കരാറില്‍ ഒപ്പിട്ടിരുന്നു. 1000 അഫ്ഗാന്‍ സൈനികരെ മോചിപ്പിച്ചാല്‍ 5000 താലിബാന്‍ തടവുകാരെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യവസ്ഥയുടെ ഭാഗമായി താലിബാന്‍ 300 സൈനികരെയും സര്‍ക്കാര്‍ 1000 താലിബാന്‍ തടവുകാരെയും മോചിപ്പിച്ചിരുന്നു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സൈനികരെ പിന്‍വലിക്കുന്നതിനും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുമായാണ് യുഎസ് താലിബാനുമായും അഫ്ഗാനുമായും കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍, കരാറൊപ്പിട്ട ശേഷവും താലിബാന്‍ ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാബൂളിലെ ആശുപത്രിയിലും ശവസംസ്‌കാര ചടങ്ങിലുമായി മുപ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.
 

click me!