ചൈന-പാകിസ്താൻ നിർമ്മിത ജെ.എഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങി നൈജീരിയൻ വ്യോമസേന വലിയ പ്രതിസന്ധിയിലാണ്. വാങ്ങിയ മൂന്ന് വിമാനങ്ങളിൽ ഘടനാപരവും സാങ്കേതികവുമായ ഗുരുതര പ്രശ്നങ്ങൾ കാരണം ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമം.  

അബുജ: ചൈനയും പാകിസ്താനും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങി നൈജീരിയൻ വ്യോമസേന പ്രതിസന്ധിയിൽ. 2021-ൽ സേനയുടെ ഭാഗമായ മൂന്ന് വിമാനങ്ങളിൽ ഒരെണ്ണം മാത്രമാണ് നിലവിൽ പറത്താൻ കഴിയുന്നത്. വിമാനത്തിന്റെ ഘടനയിലും സാങ്കേതിക വിദ്യയിലുമുള്ള ഗുരുതരമായ പോരായ്മകൾ കാരണം ബാക്കി രണ്ട് വിമാനങ്ങളും നിലത്തിറക്കിയിരിക്കുകയാണ്. ഘടനപരമായ തകർച്ച വിമാനത്തിന്റെ എയർഫ്രെയിമിലും ചിറകുകൾക്ക് താഴെ ആയുധങ്ങൾ ഘടിപ്പിക്കുന്ന ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ സമയം മാത്രം പറത്തിയ വിമാനങ്ങളിൽ ഇത്തരത്തിൽ വിള്ളലുകൾ ഉണ്ടാകുന്നത് എയർഫ്രെയിമിന്റെ ഗുണനിലവാരമാണ് ചോദ്യം ചെയ്യുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സോഫ്റ്റ്‌വെയർ ആൻഡ് ഏവിയോണിക്‌സ് മിഷൻ കമ്പ്യൂട്ടറുകളിലെ സോഫ്റ്റ്‌വെയർ തകരാറുകൾ കാരണം സിസ്റ്റം മരവിക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും പതിവായിരിക്കുകയാണ്. ഇത് ആക്രമണ ലക്ഷ്യങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനെ ബാധിക്കുന്നു. വിമാനങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ലിങ്ക്-17 ഡാറ്റാലിങ്ക് സംവിധാനത്തിന് വേഗത കുറവായതിനാൽ തത്സമയ ആശയവിനിമയം സാധ്യമാകുന്നില്ല. റഷ്യൻ നിർമ്മിത ക്ലിമോവ് ആർഡി 93 എഞ്ചിനുകളുടെ വിശ്വാസ്യതയില്ലായ്മയും തിരിച്ചടിയായി.

വെറും മൂന്ന് വിമാനങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും ഇത് പരിപാലിക്കുന്നത് നൈജീരിയയ്ക്ക് സാമ്പത്തികമായും സാങ്കേതികമായും വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. സ്പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവും വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതും അറ്റകുറ്റപ്പണികൾ വൈകാൻ കാരണമാകുന്നു. പാശ്ചാത്യ വിമാനങ്ങൾക്ക് പകരം കുറഞ്ഞ ചെലവിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നൈജീരിയ ഇവ വാങ്ങിയത്. മ്യാന്മർ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നുണ്ടെങ്കിലും നൈജീരിയ നേരിടുന്ന പ്രശ്നങ്ങൾ ജെ.എഫ്-17-ന്റെ ആഗോള വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.