കാബൂളിലെ ജയില്‍ കീഴടക്കി, ഐഎസ്, അല്‍ക്വയ്ദ ഭീകരര്‍ അടക്കമുള്ള തടവുകാരെ തുറന്നുവിട്ട് താലിബാന്‍ -ദൃശ്യങ്ങള്‍

By Web TeamFirst Published Aug 16, 2021, 9:08 AM IST
Highlights

അഫ്ഗാനിലെ ഏറ്റവും വലിയ യുഎസ് എയര്‍ബേസായിരുന്നു ബാഗ്രം. യുഎസ് സൈന്യത്തിനായിരുന്നു ജയിലിന്റെ ചുമതല. അഫ്ഗാനില്‍ നിന്ന് യുഎസ് പിന്മാറിയതോടെ ജയിലിന്റെ നിയന്ത്രണം ജൂലൈ ഒന്നിന് അഫ്ഗാന്‍ ഗവണ്‍മെന്റിന് കൈമാറിയിരുന്നു.

കാബൂള്‍: കാബൂളിലെ പ്രാന്ത പ്രദേശത്തുള്ള ജയില്‍ കീഴടക്കി ആയിരക്കണക്കിന് തടവുകാരെ തുറന്നുവിട്ട് താലിബാന്‍. തുറന്നുവിട്ടവരില്‍ മുന്‍ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ ഭീകരരും ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയിലില്‍ നിന്നും ആയിരക്കണക്കിന് പേര്‍ പുറത്തുവരുന്ന ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാബൂളിന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗ്രമിലെ സൈനിക ജയില്‍ പിടിച്ചെടുത്താണ് താലിബാന്‍ തടവുകാരെ മോചിപ്പിച്ചത്.

അഫ്ഗാനിലെ  ഏറ്റവും വലിയ യുഎസ് എയര്‍ബേസായിരുന്നു ബാഗ്രം. യുഎസ് സൈന്യത്തിനായിരുന്നു ജയിലിന്റെ ചുമതല. അഫ്ഗാനില്‍ നിന്ന് യുഎസ് പിന്മാറിയതോടെ ജയിലിന്റെ നിയന്ത്രണം ജൂലൈ ഒന്നിന് അഫ്ഗാന്‍ ഗവണ്‍മെന്റിന് കൈമാറിയിരുന്നു. സ്വതന്ത്രരാക്കിയ 5000 തടവുകാരും താലിബാന് മുന്നില്‍ കീഴടങ്ങി. അഫ്ഗാനിലെ മുക്കാല്‍ ഭാഗം ജില്ലകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. 

Prisoners leaving Kabul jail after being broken out by Taliban. pic.twitter.com/B84F2UrtEA

— Richard Engel (@RichardEngel)

അതേ സമയം കാബൂളിൽ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ താലിബാൻ പതാക ഉയർത്തി . ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനവും നടത്തി. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ ഉടന്‍ പ്രഖ്യാപിക്കും. രാജ്യംവിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് അഷ്‌റഫ് ഗാനി പറഞ്ഞു. പലായനം ചെയ്ത ശേഷമുള്ള ഗാനിയുടെ ആദ്യപ്രതികരണം ആണിത്. രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തില്‍. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. അഫ്‍ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുള്ള നിർണായക യുഎൻ യോഗം ഇന്ന് ചേരും.

തലസ്ഥാനമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികൾ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെത്തി. അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്‍റ് അഷ്റഫ് ഗാനിക്ക് മുന്നിലുണ്ടായിരുന്നില്ല.

അധികാര കൈമാറ്റം പൂർത്തിയാവും വരെ ഇടക്കാല സർക്കാരിനെ ഭരണമേൽപിക്കാനാണ് ധാരണ. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന അലി അഹമ്മദ് ജലാലിയാവും ഇടക്കാല സർക്കാരിനെ നയിക്കുകയെന്നാണ് വിവരം. കാബൂൾ താലിബാൻ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗൻമാരെ തിരികെയെത്തിക്കാൻ ജർമ്മൻ സേനയും കാബൂളിലെത്തി. വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാൻ അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona. 

click me!