മലേഷ്യൻ സന്ദർശനത്തിനെത്തിയ മോദി ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രഖ്യാപിച്ചു. മലേഷ്യൻ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും കരാറുകളും ഉണ്ടാകും

മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ഓഫീസിലാകും വരവേൽപ്പ് നൽകുക.

വ്യാപാര ബന്ധം ശക്തമാകും

നാളെ മല്യേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിനടക്കം ചർച്ചകൾ പ്രധാനമന്ത്രി നടത്തും. വ്യാപാര, സുരക്ഷ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിൽ ഇന്ത്യയുടെ മലേഷ്യയും ഒപ്പു വയ്ക്കും. ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ ഇന്ത്യ - യു എസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമർശിച്ചിരുന്നു.