
വാഷിംഗ്ടൺ: ആരോടും പ്രതികാരത്തിനില്ലെന്ന താലിബാന്‍റെ പ്രഖ്യാപനം വിശ്വാസത്തിലെടുക്കുകയാണ് പാശ്ചാത്യലോകം. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉഫദേഷ്ടാവ് ജാക്ക് സുള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. താലിബാനുമായി ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. അഫ്ഗാനെ ഏതെങ്കിലും രാജ്യത്തിനെതിരായ താവളം ആക്കി മാറ്റില്ലെന്നായിരുന്നു താലിബാന്‍റെ പ്രഖ്യാപനം. ദോഹയിലായിരുന്ന താലിബാൻ നേതാക്കൾ കാബൂളിൽ മടങ്ങിയെത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനം, താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ലോകത്തിന്റെ സംശയങ്ങൾക്ക് ഓരോന്നായി മറുപടി നൽകി.
മതനിയമങ്ങൾ പാലിച്ചു ഭരണം നടത്താൻ താലിബാന് അവകാശമുണ്ട്. ഇസ്‌ലാമിക നിയമത്തിന്റെ വ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്ന് സ്ത്രീക്ക് അവകാശങ്ങൾ അനുവദിക്കും. ജോലിയും പഠനവും മത പരിധിക്ക് ഉള്ളിൽ നിന്ന് മാത്രമായിരിക്കും. അഫ്ഗാന്റെ സംസ്കാരത്തിനുള്ളിൽ നിന്ന് മാധ്യമങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കും. ഇസ്‌ലാം വിരുദ്ധമായ ഒന്നും മാധ്യമങ്ങളിൽ അനുവദിക്കില്ല. ശത്രുക്കളെ സൃഷ്ടിക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ല. ഇതുവരെ താലിബാനോട് ശത്രുത പുലർത്തിയവർക്കും മാപ്പ് നൽകുന്നു. ആരോടും പ്രതികാരം ചെയ്യില്ല. രാജ്യത്തുള്ള നയതന്ത്ര പ്രതിനിധികളെയോ വിദേശികളെയോ ഉപദ്രവിക്കില്ല. അന്താരാഷ്ട്ര സമൂഹവുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല എന്നും താലിബാൻ നേതാക്കൾ പറഞ്ഞു.
താലിബാന്റെ ഈ നയപ്രഖ്യാപനത്തോടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു, ആശങ്കപ്പെട്ടതുപോലെ സ്ത്രീകൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ തന്നെയാണ് താലിബാൻ ചുമത്താൻ പോകുന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് മതശാസനയുടെ പേരിൽ അപരിഷ്‌കൃത ശിക്ഷാ നടപടികൾ അനുഭവിക്കേണ്ടി വരികയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam