
വാഷിംഗ്ടണ്‍: പൊലീസ് ഓഫീസര്‍ കാല്‍മുട്ട് കഴുത്തില്‍ അമര്‍ത്തിവച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടി അമേരിക്കയിലെ മിനിയോപ്പൊളിസില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ മരിച്ചു. മിനിയോപൊളിസിലെ തെരുവില്‍ വച്ച് ആളുകള്‍ നോക്കി നില്‍ക്കെയാണ് ജോര്‍ജ് ഫ്ലോയ്ഡിന് നേരെ പൊലീസിന്‍റെ ക്രൂരത.
''നിങ്ങളുടെ കാല്‍മുട്ട് എന്‍റെ കഴുത്തിലാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ..'' എന്ന് ജോര്‍ജ് ഫ്ലോയ്ഡ് കരയുന്ന വീഡിയോ പുറത്തെത്തിയിരുന്നു. ഇയാളുടെ കയ്യില്‍ വിലങ്ങുണ്ടായിരുന്നു. കസ്റ്റഡിയില്‍ വച്ച് ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാരെ മിനിയോപ്പൊളിസ് മേയര്‍ ജേക്കബ് ഫ്രേ പുറത്താക്കി.
തെരുവില്‍ കണ്ടുനിന്നവരാണ് സംഭവത്തിന്‍റെ വീഡിയോ പകര്‍ത്തിയത്. നാല്‍പ്പത് വയസ്സോളം പ്രായമുള്ള ഇയാള്‍ പെട്ടന്ന് നിശബ്ദനാവുകയും അനങ്ങാതാകുകയും ചെയ്തു. എന്നിട്ടും എഴുനേല്‍ക്കാനും വാഹനത്തില്‍ കയറാനും ആവശ്യപ്പെട്ട് പൊലീസ് ഓഫീസര്‍ ഇയാളെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.
ഫ്ലോയിഡെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരിച്ചു. '' ഏത് തരത്തില്‍ നോക്കിയാലും ഈ സംഭവം തെറ്റാണ്. ഒരു കറുത്തവര്‍ഗ്ഗക്കാരന്‍റെ കഴുത്തില്‍ മുട്ട് അമര്‍ത്തുന്ന വെള്ളക്കാരനെയാണ് അഞ്ച് മിനുട്ട് നമ്മള്‍ കണ്ടത്. '' മേയര്‍ പറഞ്ഞു. ''അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനാകുക എന്നത് വധശിക്ഷ ലഭിക്കേണ്ട ഒന്നല്ല'' എന്ന് സിവില്‍ റൈറ്റ്സ് അറ്റോണി ബെന്‍ ക്രംപ് പറഞ്ഞു.
സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ഫ്ലോയ്ഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി സിഗരറ്റ് വിറ്റതിന് എറിക്ക് ഗാര്‍ണര്‍ എന്ന ന്യൂയോര്‍ക്ക് സ്വദേശിയെ 2014 ല്‍ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിന് സമാനമാണ് ഫ്ലോയ്ഡിന്‍റെ കൊലപാതകം.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ എഫ്ബിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മിനിയോപ്പൊളിസ് പൊലീസ് ചീഫ് മെദാരിയ അറഡോണ്ടോ അറിയിച്ചു. അതേസമയം അമേരിക്കന്‍ തെരുവുകളില്‍ ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. 'എനിക്ക് ശ്വസിക്കാന്‍ വയ്യ', 'ഫ്ലോയിഡിന് നീതി വേണം' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി ആണ് പ്രതിഷേധകര്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam