102 വർഷങ്ങൾക്ക് ശേഷം ആദ്യമായി സെയ്‍ന്‍ നദിയില്‍ നീന്താന്‍ ജനങ്ങൾക്ക് അനുവാദം നല്‍കി ഫ്രാന്‍സ്

Published : Jul 06, 2025, 12:56 PM IST
 France has allowed people to swim in the Seine River

Synopsis

ജലത്തിന്‍റെ ഗുണനിലവാരം നഷ്ടമായതിനെ തുടര്‍ന്ന് 1923 മുതല്‍ നദിയില്‍ ഇറങ്ങി കുളിക്കുന്നതിന് ഫ്രാന്‍സില്‍ വിലക്കുണ്ട്. ഈ വിലക്കാണ് ഇപ്പോൾ എടുത്ത് കളഞ്ഞത്.

 

കൊവിഡ് കാലത്ത് യുപിയിൽ നിന്നും ബിഹാറില്‍ നിന്നും രോഗം ബാധിച്ച് മരിച്ച ആയിരക്കണക്കിന് മനുഷ്യരുടെ മൃതദേഹങ്ങൾ ഗംഗാ നദിയില്‍ ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നത് അടുത്തകാലത്താണ്. ഗംഗാ നദി മാത്രമല്ല ഇന്ത്യയിലെ ഏതാണ്ടെല്ലാ നദികളും മാലിന്യ വാഹകരാണെന്ന് പലപ്പോഴായി നടന്ന പഠനങ്ങൾ തെളിവ് നല്‍കുന്നു. അതേസമയം നദികളിലെ മാലിന്യം നീക്കി നദികൾ വൃത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് പണമാണ് ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. ഇതിനിടെയാണ് കഴിഞ്ഞ 102 വര്‍ഷമായി മാലിന്യം കാരണം ജനങ്ങളോട് നദിയില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പട്ടെരുന്ന ഫ്രാന്‍സ് നദി ശുദ്ധീകരിച്ച് ജനങ്ങൾക്കായി തുറന്ന് കൊടുത്തെന്ന വാര്‍ത്ത വരുന്നത്.

കഴിഞ്ഞ ഒളിമ്പിക്സിന് നീന്തല്‍ മത്സരങ്ങൾ നടത്തുന്നതിനായി പാരീസിലൂടെ ഒഴുകുന്ന സെയ്‍ന്‍ നദി ശുദ്ധീകരണ പ്രവര്‍ത്തനങ്ങൾക്ക് ഫ്രാന്‍സ് തുടക്കം കുറിച്ചത്. ഒളിമ്പിക്സിലെ ചില നീന്തൽ മത്സരങ്ങൾ സെയ്‍ന്‍ നദിയില്‍ വച്ച് നടത്തിയിരുന്നു. എന്നാല്‍ ചില മത്സരാര്‍ത്ഥികൾക്ക് ത്വക് രോഗങ്ങൾ പിടിപെട്ടതായി വാര്‍ത്തകൾ പുറത്ത് വന്നു. പിന്നീടിങ്ങോട്ട് നദിയിലെ ജലത്തിന്‍റെ ഗുണനിരവാരം കൂട്ടുന്നതിനായി ശ്രമകരമായ പദ്ധതികളാണ് ഫ്രാന്‍സ് നടപ്പാക്കിയത്. ഒടുവില്‍ 102 വ‍ർഷങ്ങൾക്ക് ശേഷം ആദ്യമായി സെയ്‍ന്‍ നദി പൊതുജനങ്ങൾക്ക് നീന്തിക്കുളിക്കാനായി തുറന്നു കൊടുത്തു.

 

 

1923 ന് ശേഷം ആദ്യമായി പൊതുജനങ്ങൾക്ക് നീന്താനായി നദി തുറന്നു കൊടുത്തതോടെ ഇന്നലെ (06.7.'25) പാരീസുകാർ അതിൽ നീന്തിക്കുളിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ നദിയില്‍ നീന്തുന്നതിന്‍റെ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്ക്പ്പെട്ടു. ആഗസ്റ്റ് 31 വരെ നഗരത്തിലൂടെ ഒഴുകുന്ന നദിയിലെ മൂന്ന് കുളിക്കടവുകളിലായി 1000 -ൽ അധികം നീന്തല്‍ക്കാരെത്തുമെന്ന് പ്രദേശിക ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

നദിയെ വീണ്ടെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പാരീസ് ഡെപ്യൂട്ടി മേയർ പിയറി റബാദാൻ പറഞ്ഞു. നദി ശുദ്ധീകരണത്തിന്‍റെ ഭാഗമായി നദിയിലേക്ക് തുറന്ന് വിട്ടിരുന്ന പതിനായിരക്കണക്കിന് വീടുകളിലെ മലിനജലത്തെ മലിനജല സംവിധാനവുമായി ബന്ധപ്പെടുത്തി. ഒപ്പം നദിയിലെ ജലം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കി. ഒപ്പം മഴ മൂലം നദിയിലേക്ക് ഒഴുകിയെത്തുന്ന മാലിന്യം തടയുന്നതിനായി വലിയ തോതിലുള്ള മഴവെള്ള സംഭരണികൾ നിര്‍മ്മിച്ചു. ഇങ്ങനെ പലവിധ പരിപാടികളിലൂടെയാണ് നദിയെ ഫ്രാന്‍സ് വീണ്ടെടുത്തത്.

നീന്തല്‍ സീസണുകളില്‍ ദിവസേന, നദിയിലെ ജലത്തിന്‍റെ ഗുണനിലവാരം പരിശോധിക്കും. ബീച്ച് സുരക്ഷാ സംവിധാനങ്ങൾക്ക് സമാനമായി പച്ച. ചുവപ്പ് നിറത്തിലുള്ള പതാകകൾ സ്ഥാപിക്കും. അത് നീന്തല്‍ സ്ഥലങ്ങൾ തുറന്നിട്ടുണ്ടോ ഇല്ലയോ എന്ന് ജനങ്ങൾക്ക് മനസിലാക്കാന്‍ വേണ്ടിയാണെന്നും റബാദാൻ കൂട്ടിചേര്‍ത്തു. സെയ്‍ന്‍, മാർനെ നദികളിലായി ഏതാണ്ട് 14 ഓളം നീന്തൽ കടവുകൾ സ്ഥാപിക്കും.

 

PREV
Read more Articles on
click me!

Recommended Stories

സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം, 33 പിഞ്ചുകുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'