
ഇതുവരെയുള്ള യുഎസിന്‍റെ ചരിത്രത്തില്‍ റഷ്യയുമായി ഏറ്റവും കുടുതല്‍ അടുപ്പം കാണിച്ച പ്രസിഡന്‍റാണ് ഡോണാൾഡ് ട്രംപ്. പല കാര്യങ്ങളിലും അമേരിക്കന്‍ പൊതുബോധത്തെ പോലും ഞെട്ടിച്ച് പുടിനും റഷ്യയ്ക്കും ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈനുള്ള സൈനിക സഹായ വിതരണത്തില്‍ നിന്നും യുഎസ് പിന്മാറിയത്. ഇതിന് പിന്നാലെ റഷ്യ, യുക്രൈനിലേക്ക് ശക്തമായ ഡ്രോണ്‍ - മിസൈല്‍ ആക്രമണവും നടത്തി. എന്നാല്‍, റഷ്യയുടെ പ്രവര്‍ത്തിയില്‍ ട്രംപിന് അതൃപിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.
യുക്രൈന്‍ യുദ്ധത്തെ കുറിച്ച് സംസാരിക്കാനായി പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ട്രംപ് തന്‍റെ അതൃപ്തി അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകൾ. പുടിനുമായുള്ള സംഭാഷണത്തിന് ശേഷം 'വളരെ അസന്തുഷ്ടനാണെന്നും അയാൾ ആളുകളെ കൊല്ലുന്നത് തുടരാനാണ്' ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകൾ. ഒപ്പം റഷ്യയ്ക്കെതിരെയുള്ള ഉപരോധങ്ങൾ കൂടുതല്‍ കർശനമാക്കാന്‍ തയ്യാറായേക്കുമെന്നും ട്രംപ് സൂചന നല്‍കിയതായി റിപ്പോര്‍ട്ടുകൾ പറയുന്നു. 'വളരെ ദുഷ്‌കരമായ ഒരു സാഹചര്യമാണ് ഉള്ളത്. പ്രസിഡന്‍റ് പുടിനുമായുള്ള എന്‍റെ ഫോൺ സംഭാഷണത്തിൽ എനിക്ക് വളരെ അതൃപ്തിയുണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. അയാൾക്ക് ഏതറ്റം വരെയും പോകണം, ആളുകളെ കൊല്ലുന്നത് തുടരണം, അത് നല്ലതല്ല," ട്രംപ് എയർഫോഴ്‌സ് വണ്ണിൽ വച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തോളമായി യുദ്ധം അവസാനിപ്പിക്കാന്‍ പുടിനോട് ആവശ്യപ്പെട്ടെങ്കിലും അതിന് അവര്‍ തയ്യാറാകുന്നില്ലെന്നും അങ്ങനയൊണെങ്കില്‍ റഷ്യയ്ക്കെതിരായ ഉപരോധങ്ങൾ കശനമാക്കാന്‍ ഒടുവില്‍ തനിക്ക് തീരുമാനിക്കേണ്ടിവരുമെന്നും ട്രംപ് സൂചന നല്‍കി. ഒപ്പം ഉപരോധങ്ങളെ കുറിച്ച് തങ്ങൾ സംസാരിച്ചിരുന്നെന്നും അത് വരാന്‍ സാധ്യതയുണ്ടെന്ന് പുടിന് മനസിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. റഷ്യയ്ക്കെതിരെയുള്ള നീക്കത്തില്‍ യുക്രൈനുള്ള സൈനിക സഹായം തടഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് വെള്ളിയാഴ്ച യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയുമായി ചര്‍ച്ച നടത്തിയെന്നും വളരെ തന്ത്രപരമായ തീരുമാനമുണ്ടായതായും ട്രംപ് മറുപടി നല്‍കി. യുഎസ് സഹായം നിലച്ചുവെന്ന വാര്‍ത്തകൾക്ക് പിന്നാലെ റഷ്യ, യുക്രൈന് നേരെ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ യുക്രൈന്‍റെ വ്യോമ പ്രതിരോധം ശക്തമാക്കുന്നതിന് യുഎസ് സഹായം വാഗ്ദാനം ചെയ്തിരുന്നെന്ന് സെലെന്‍സ്കി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam