
ടെൽ അവീവ്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണം തങ്ങൾ ഒറ്റയ്ക്ക് നടത്തിയതാണെന്നും ഇത് യുദ്ധം അവസാനിപ്പിക്കുന്നതിന് വഴി തുറക്കുമെന്നുമാണ് നെതന്യാഹുവിന്‍റെ ന്യായീകരണം. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റെ ഡൊണാൾഡ് ട്രമ്പ് മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദേശങ്ങൾ തങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ലോകത്തെ ‘ജനാധിപത്യ രാജ്യങ്ങൾ ’മറന്നാലും ഒക്ടോബർ 7 ഇസ്രായേൽ ഒരിക്കലും മറക്കില്ല. ഇസ്രായേലും താനും വാക്ക് പാലിച്ചെന്നും ദോഹയിലെ ആക്രമണത്തിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹുവിന്‍റെ ഓഫീസും വ്യക്തമാക്കി.
ദോഹയിലെ ഇസ്രയേൽ ആക്രമണം, ഒക്ടോബർ 7ലെ ആക്രമണത്തിന്റെ തിരിച്ചടിയാണെന്നാണ് റിപ്പോർട്ടുകൾ. 2023 ഒക്ടോബർ 7 ഇസ്രയേലിന്റെ അതിശക്തമായ ഇന്റലിജൻസ് സംവിധാനങ്ങളെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയൺ ഡോമിനെയും ഞെട്ടിച്ചുകൊണ്ട് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് നേരിട്ട് ഉത്തരവാദികളായവർക്കെതിരെയാണ് ഇസ്രയേൽ ദോഹയിൽ തിരിച്ചടിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഹമാസ് നേതൃത്വത്തിനെതിരെ ഇന്ന് നടന്ന ഓപ്പറേഷൻ പൂർണ്ണമായും ഇസ്രയേൽ നടത്തിയതാണെന്നാണ് നെതന്യാഹുവിന്‍റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത്. 'ഇസ്രയേലാണ് അതിന് മുൻകൈ എടുത്തത്, ഇസ്രയേലാണ് നടപ്പിലാക്കിയത്, ഇസ്രയേൽ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നും' പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും അറിവും സമ്മതവും ഉണ്ടായിരുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam