
ടോക്കിയോ: 12 വർഷം മുൻപ് ആണവദുരന്തം ഉണ്ടായ ഫുക്കുഷിമയിൽ നിന്നുള്ള മീൻ കഴിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ജാപ്പനീസ് പ്രധാനമന്ത്രി. മീൻ രുചികരവും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറയുന്നു. ജപ്പാനിൽ നിന്നുള്ള മത്സ്യവിഭവങ്ങൾ ചൈന നിരോധിച്ചതിന് പിന്നാലെയാണ് നടപടി. ബുധനാഴ്ചയാണ് ഫ്യൂമിയോ കിഷിദയും മറ്റ് മൂന്ന് ക്യാബിനറ്റ് മന്ത്രിമാരും ഫുക്കുഷിമയില്‍ നിന്നുള്ള മത്സ്യം ഉപയോഗിച്ചുള്ള വിഭവം കഴിച്ചത്. ബാസ് മത്സ്യവും ഫ്ലൗണ്ടർ മത്സ്യവും നീരാളിയെ ഉപയോഗിച്ചുള്ള സാഷിമി എന്ന വിഭവമാണ് കഴിച്ചത്.
വ്യാഴാഴ്ച മുതലാണ് ആണവ പ്ലാന്റിൽ നിന്നുള്ള ജലം ജപ്പാന്‍ കടലിലേക്ക് ഒഴുക്കാന്‍ തുടങ്ങിയത്. സമീപ രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ജപ്പാന്‍റെ നടപടി. 2011 മാര്‍ച്ച് 11 ന് ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയിലാണ് ഫുക്കുഷിമയിലെ ആണവ പ്ലാന്‍റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പത്തിന് പിന്നാലെ 13 മുതല്‍ 14 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളാണ് ആണവ നിലയത്തില്‍ ആഞ്ഞടിച്ചത്. സുനാമിയില്‍ ആണവ നിലയത്തിന്റെ എമര്‍ജന്‍സി ഡീസല്‍ ജനറേറ്ററുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.
നിലയത്തിലെ വൈദ്യുതി നിലച്ചു. 1986-ലെ ചെര്‍ണോബിലിന് ശേഷം ഗുരുതരമായ ആണവ ദുരന്തമാണ് ഫുക്കുഷിമയില്‍ ഉണ്ടായത്. ലെവല്‍ 7 ആണ് ഫുകുഷിമ ആണവ ദുരന്തത്തിന്റെ വ്യാപ്തി. സുനാമിയില്‍ 18000 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. റിയാക്ടറുകള്‍ തണുപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന ജലം പുറത്ത് വിടാതെ ഇത്രയും നാള്‍ ടോക്കിയോ ഇലക്ട്രിക് പവര്‍ പ്ലാന്റില്‍ തന്നെ സംഭരിച്ച് വെച്ചിരിക്കുകയായിരുന്നു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നടത്തിയ പരിശോധനകളില്‍ റേഡിയോ ആക്റ്റീവ് ആയ ജലം ഒഴുക്കി കളയുന്നത് സുരക്ഷിതമാണെന്ന് അറിയിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറയുന്നത്. നടപടി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നല്‍കിയതെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പാരിസ്ഥിതിക ആഘാതം നിസാരമാണ് എന്നുമാണ് ജപ്പാന്‍ വാദിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam