
പാരിസ്: ഫ്ലൈദുബായ് വിമാനത്തിലെ അക്രമ സംഭവത്തിന് പിന്നാലെ, ചില രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ജീവനക്കാരെ വിമാന സർവീസുകളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഇസ്രായേലിന്റെ പുതിയ സുരക്ഷാ നിർദേശങ്ങൾ നടപ്പിലാക്കാൻ എയർ ഫ്രാൻസ് തീരുമാനിച്ചു. പാകിസ്താൻ ഉൾപ്പെടെ മുസ്ലീം ഭൂരിപക്ഷമുള്ള 31 രാജ്യങ്ങളിലെ പൗരത്വമുള്ള പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനുമാണ് വിലക്ക് ബാധകമാകുന്നത്. തങ്ങൾ സർവീസ് നടത്തുന്ന രാജ്യങ്ങളിലെ അധികൃതർ ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കാൻ എയർലൈൻ ബാധ്യസ്ഥരാണെന്ന് എയർ ഫ്രാൻസ് വ്യക്തമാക്കി.
ടെൽ അവീവിലേക്കുള്ള വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേൽ സർക്കാർ പുറപ്പെടുവിച്ച പുതിയ നിയമങ്ങൾ സംബന്ധിച്ച് ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത 31 രാജ്യങ്ങളിലെ പൗരത്വമോ ഇരട്ട പൗരത്വമോ ഉള്ള പൈലറ്റുമാരും ക്യാബിൻ ക്രൂവും ഇസ്രായേലി വ്യോമാതിർത്തിയിൽ പ്രവേശിക്കരുതെന്ന് ഒക്ടോബർ 1-നാണ് ഇസ്രായേൽ ഗതാഗത മന്ത്രാലയം വിദേശ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. പാകിസ്താൻ, ഇറാൻ, സൗദി അറേബ്യ, ഒമാൻ, അൾജീരിയ, ടുണീഷ്യ, നൈജർ തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനം തട്ടിയെടുക്കാനും ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനും ശ്രമിച്ചിരുന്നു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യാക്കാരനായ പ്രധാന പൈലറ്റ് നിലവിൽ ചികിത്സയിലാണ്. ഫ്രാൻസിലെ തൊഴിൽ നിയമം അനുസരിച്ച് പൗരത്വത്തിൻ്റെയും വർഗത്തിൻ്റെയോ പേരിൽ ജീവനക്കാരോട് വേർതിരിവ് കാണിക്കാൻ പാടില്ല. ഈ ചട്ടം ലംഘിക്കുന്നതാണ് എയർ ഫ്രാൻസിൻ്റെ തീരുമാനമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam