ഡിസംബർ 16-ന് ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് ബം​ഗ്ലാദേശിലേക്ക് തിരികെപോകുമെന്നാണ് റിപ്പോർട്ട്. റോഡ് മാർ​ഗമായിരിക്കും ഷെയ്ഖ് ഹസീന ബം​ഗ്ലാദേശിലേക്ക് പോവുകയെന്നും റിപ്പോർട്ടുകളിലുണ്ട്. ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ബം​ഗ്ലാദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏഴ് ജില്ലകളിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

ന്യൂഡൽഹി/ധാക്ക: ഇന്ത്യയിൽ കഴിയുന്ന ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. പശ്ചിമബം​ഗാൾ, ത്രിപുര അതിർത്തികളിലാണ് സുരക്ഷ ശക്തമാക്കിയത്. ബം​ഗ്ലാദേശ് അതിർത്തിയിൽ സുരക്ഷാസേനയുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഡിസംബർ 16-ന് ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് ബം​ഗ്ലാദേശിലേക്ക് തിരികെപോകുമെന്നാണ് റിപ്പോർട്ട്. റോഡ് മാർ​ഗമായിരിക്കും ഷെയ്ഖ് ഹസീന ബം​ഗ്ലാദേശിലേക്ക് പോവുകയെന്നും റിപ്പോർട്ടുകളിലുണ്ട്. ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ബം​ഗ്ലാദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏഴ് ജില്ലകളിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ബോർഡർ ​ഗാർഡ് ബം​ഗ്ലാദേശിന്റെ(ബിജിബി) 120 പ്ലാറ്റൂൺ ഏഴ് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ഇതിൽ 56 പ്ലാറ്റൂണും ഹസീനയുടെ സ്വദേശമായ ​ഗോപാൽ​ഗഞ്ച് ജില്ലയിലാണ്. സാവാർ, അശുലിയ, ധാക്ക, ​ഗാസിപുർ, നാരായൺ​ഗഞ്ച്, ബാലൂക്ക, മൈമൻസിങ്, ചറ്റോ​ഗ്രാം, കോക്സ് ബസാർ എന്നിവിടങ്ങളിലും സേനാവിന്യാസമുണ്ട്.

ഷെയ്ഖ് ഹസീന തിരികെവരുന്നത് പ്രഖ്യാപിച്ചതോടെ ബം​ഗ്ലാദേശിലെ വിവിധഭാ​ഗങ്ങളിൽ അവാമി ലീ​ഗ് പ്രവർത്തകരും ഭരണകക്ഷിയായ ബം​ഗ്ലാദേശി നാഷണിലിസ്റ്റ് പാർട്ടി(ബിഎൻപി) പ്രവർത്തകരും തമ്മിൽ സംഘർഷങ്ങൾ തുടരുകയാണ്. രാജ്യത്തെ വിവിധഭാ​ഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ബോംബ് ആക്രമണങ്ങളും തീവെപ്പും സംഘർഷങ്ങളും അരങ്ങേറി. അതേസമയം, ഷെയ്ഖ് ഹസീനയുടെ അവാമി ലീ​ഗ് പ്രവർത്തകരാണ് അക്രമസംഭവങ്ങൾക്ക് പിന്നിലെന്ന് ബം​ഗ്ലാദേശ് ഭരണകൂടം ആരോപിച്ചു. അവാമി ലീ​ഗ് നേതാക്കൾ വിദേശത്തിരുന്ന് രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയാണെന്നും സർക്കാർ കുറ്റപ്പെടുത്തി.

ബം​ഗ്ലാദേശ് വിജയദിനമായി ആചരിക്കുന്ന ഡിസംബർ 16-ന് രാജ്യത്തേക്ക് മടങ്ങുമെന്നാണ് ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനം. അതേസമയം, ഷെയ്ഖ് ഹസീന രാജ്യത്ത് എത്തിയാലുടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബം​ഗ്ലാദേശ് സർക്കാരിന്റെ നിലപാട്. ഷെയ്ഖ് ഹസീന കുറ്റവാളിയാണെന്നും പിടികിട്ടാപ്പുള്ളിയായ ഭീകരവാദിയാണെന്നും അതിനാൽ കുറ്റവാളികളെ കൈമാറുന്ന നടപടിക്രമത്തിലൂടെ മാത്രമേ അവർക്ക് രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയൂ എന്നുമായിരുന്നു ബം​ഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹുമയൂൺ കബീർ കഴിഞ്ഞദിവസം പ്രതികരിച്ചത്. കൈവിലങ്ങ് അണിഞ്ഞ് കർശന നിരീക്ഷണത്തിലായിരിക്കണം ഹസീനയെ രാജ്യത്തേക്ക് കൊണ്ടുവരേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ, ഇന്ത്യയിൽനിന്ന് മടങ്ങാനായി ബം​ഗ്ലാദേശിന്റെ ദേശീയ വിമാന കമ്പനിയായ ബിമൻ എയർലൈൻസിന്റെ വിമാനം അനുവദിക്കണമെന്ന ഷെയ്ഖ് ഹസീനയുടെ അഭ്യർഥന ബം​ഗ്ലാദേശ് സർക്കാർ തള്ളിയിരുന്നു.

2024-ൽ രാജ്യത്തുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെയാണ് 15 വർഷത്തെ ഭരണത്തിന് ശേഷം ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നത്. അന്നുമുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് കഴിയുന്നത്. 2025 നവംബറിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടെ നിരവധിപേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ഷെയ്ഖ് ഹസീനയ്ക്ക് ബം​ഗ്ലാദേശിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ ഹസീന നിഷേധിച്ചു. അതിനിടെ, കുറ്റവാളികളെ കൈമാറുന്ന നടപടിക്രമങ്ങൾ അനുസരിച്ച് ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബം​ഗ്ലാദേശും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ബം​ഗ്ലാദേശിന്റെ അഭ്യർഥനയും ഇതിന്റെ നിയമവശങ്ങളും പരിശോധിച്ചുവരികയാണെന്നായിരുന്നു ഇന്ത്യൻ സർക്കാരിന്റെ മറുപടി. ഇതിനിടെയാണ് താൻ ബം​ഗ്ലാദേശിലേക്ക് മടങ്ങുന്നതായി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചത്.