കൊവിഡ്: ക്വാറന്റൈന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

By Web TeamFirst Published Mar 22, 2020, 2:55 PM IST
Highlights

കൊവിഡ് വ്യാപനം തടയാന്‍ ക്വാറന്റൈന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ വായു മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്.

വുഹാന്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റൈന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ വായു മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ മാറ്റം വരുമോ എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ലഭ്യമായിട്ടില്ല. 

ചൈനയിലെ വുഹാന്‍ പ്രദേശത്തെ അന്തരീക്ഷത്തില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ(No2)സാന്നിധ്യം കുറഞ്ഞതായി കാണിക്കുന്ന ചിത്രങ്ങള്‍ നാസ അടുത്തിടെ പുറത്തുവിട്ടിരുന്നു. കൊവിഡ് രോഗവ്യാപനം ഉണ്ടാകുന്നതിന് മുമ്പ് ജനുവരി ഒന്നിനും 20തിനുമിടയില്‍ ചൈനയുടെ അന്തരീക്ഷത്തിലെ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യവും ക്വാറന്റൈന്‍ നടപടികള്‍ അരംഭിച്ചതിന് ശേഷമുള്ള അന്തരീക്ഷവും താരതമ്യം ചെയ്യുന്ന ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്.  

വാഹനങ്ങള്‍, വ്യാവസായിക, സഥാപനങ്ങള്‍, താപനിലയങ്ങള്‍ എന്നിവയില്‍ നിന്നാണ് പ്രധാനമായും നൈട്രജന്‍ ഡൈഓക്‌സൈഡ് പുറന്തള്ളുന്നത്. വടക്കന്‍ ഇറ്റലിയിലെ അന്തരീക്ഷത്തിലും സമാന രീതിയിലുള്ള ശുഭകരമായ മാറ്റങ്ങള്‍ നിരീക്ഷിച്ചതായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനത്തിനെ ചെറുക്കാന്‍ ക്വാറന്റൈന്‍ നടപടികള്‍ സ്വീകരിച്ച രാജ്യമാണ് ഇറ്റലിയും. സ്‌പെയിനിലെ ബാര്‍സലോണ, മാഡ്രിഡ് പ്രദേശങ്ങളിലും അന്തരീക്ഷ വായു മെച്ചപ്പെട്ടെന്ന് യൂറോപ്യന്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  

എന്നാല്‍ നൈട്രജന്‍ ഡൈഓക്‌സൈഡ് കുറയുന്നത് കൊണ്ട് മാത്രം അന്തരീക്ഷ മലിനീകരണം കുറയില്ലെന്നും കാര്‍ബണ്‍ മോണോക്‌സൈഡിന്റെയും മറ്റ് സൂക്ഷ്മ പൊടിപടലങ്ങളുടെയും അളവിലും കുറവുണ്ടാകണമെന്നുമാണ് ഒരു സംഘം വിദഗ്ധരുടെ അഭിപ്രായം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!