'എന്തെങ്കിലും ഉടന്‍ ചെയ്യൂ'; ഇമ്രാനോട് ആവശ്യപ്പെട്ട് ജനങ്ങള്‍, പാകിസ്ഥാനില്‍ സ്ഥിതി രൂക്ഷം

By Web TeamFirst Published Mar 22, 2020, 10:36 AM IST
Highlights

നിലവിലെ കണക്ക് പ്രകാരം 733 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കാര്യങ്ങള്‍ ഇത്രയും വഷളാകുന്നത് പരിഗണിച്ച് രാജ്യം ലോക്ഡൗണ്‍ ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ജനങ്ങള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെടുന്നുണ്ട്.

ലാഹോര്‍: ദക്ഷിണേഷ്യയില്‍ കൊവിഡ് 19 വൈറസ് ബാധ ഏറ്റവുമധികം പടര്‍ന്നു പിടിച്ച പാകിസ്ഥാനിലെ സ്ഥിതി അതിരൂക്ഷമായി തുടരുന്നു. നിലവിലെ കണക്ക് പ്രകാരം 733 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കാര്യങ്ങള്‍ ഇത്രയും വഷളാകുന്നത് പരിഗണിച്ച് രാജ്യം ലോക്ഡൗണ്‍ ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ജനങ്ങള്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെടുന്നുണ്ട്.

ട്വിറ്ററില്‍ ആണ് ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് 19 വൈറസ് ബാധയെ നേരിടുന്ന കാര്യത്തില്‍ പാക് സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയെന്ന ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നില്ലെങ്കിലും വലിയ വിപത്തിലേക്ക് രാജ്യം നീങ്ങുമെന്നും ട്വിറ്ററില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

ശനിയാഴ്ച എല്ലാ രാജ്യാന്തര വിമാനസര്‍വ്വീസുകളും പാകിസ്ഥാന്‍ റദ്ദ് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഇതിനകം പാകിസ്ഥാനില്‍ മരണപ്പെട്ടത്. അഞ്ച് പേര്‍ക്ക് അസുഖം ഭേദമായി. ഇറ്റലിയിലെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് പാക് സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യമുയര്‍ന്നിരിക്കുന്നത്.

രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ട്വിറ്ററില്‍ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതിനകം 11,000 പേരാണ് ഈ ക്യാമ്പയിനില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അതില്‍ 70 ശതമാനവും ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോട് അനുകൂല നിലപാടല്ല ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ലോകമാകെ കൊവിഡ് 19 ബാധിച്ചുള്ള മരണം 13,000 കടന്നു. മൂന്ന് ലക്ഷത്തോളം പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. അയ്യായിരത്തിലേറെ പേരാണ് യൂറോപ്പില്‍ മാത്രം മരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 793 പേരാണ്.

ഇറ്റലിയുടെ വടക്കന്‍ മേഖലയായ ലൊമ്പാര്‍ഡിയില്‍ മാത്രം മരിച്ചത് 546 പേരാണ്. ഇതേ തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം 4,825 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 6500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്‌പെയിനില്‍ മരണം 1300 കടന്നു. 285 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.ഇരുന്നൂറോളം പേര്‍ മരിച്ച ബ്രിട്ടന്‍ എല്ലാ സ്ഥാപനങ്ങളും പൂട്ടി.
 

click me!