
കുവൈത്ത് സിറ്റി: അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തിലെ വ്യോമഗതാഗതം ശനിയാഴ്ച പുലർച്ചെയോടെ പൂർണ്ണമായി പുനഃസ്ഥാപിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി എല്ലാവിധ ആശങ്കകളും മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വ്യോമപാത വീണ്ടും തുറന്നത്.
ആക്രമണ ഭീഷണികൾ ഒഴിഞ്ഞതായും സ്ഥിതിഗതികൾ ശാന്തമാണെന്നും ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 6:15 ഓടെ എയർ നാവിഗേഷൻ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
മേഖലയിൽ കടുത്ത സൈനിക നീക്കങ്ങൾ നടന്ന രാത്രിയിൽ മുൻകരുതലിന്റെ ഭാഗമായാണ് കുവൈത്ത് വ്യോമപാത അടച്ചിട്ടിരുന്നത്. പെട്ടെന്നുണ്ടായ ഈ സുരക്ഷാ നടപടിയെ തുടർന്ന് കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവയുടെ 11 വിമാനങ്ങൾ അയൽരാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. നിലവിൽ സർവ്വീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam